കൊല്ലം: കൊല്ലം കമ്മിഷണർ ഓഫീസ് റെയിൽവേ മേൽപ്പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ ബലപ്പെടുത്തുന്ന ജോലികൾ ഇഴയുന്നതിനാൽ, തോന്നുംപടി വാഹനങ്ങൾ പലവഴിക്കു തിരിയുന്നത് നഗരത്തിൽ വല്ലാത്ത കുരുക്ക് സൃഷ്ടിക്കുന്നു.

പാലം അടച്ചിട്ട് 13 ദിവസമായി. എത്രയും വേഗം പ്രവൃത്തികൾ പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാനുള്ള ഗൗരവമായ ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങളായി തകർന്ന് യാത്ര ദുഷ്കരമായ

റെയിൽവേ ഓവർബ്രിഡ്ജ് 20 ദിവസത്തേക്ക് അടച്ച് ജോലികൾ ആരംഭിച്ചത് കഴിഞ്ഞ 8 നാണ്. ഇളകി മാറിയ മൂന്ന് എക്സ്പാൻഷൻ ജോയിന്റുകൾ ബലപ്പെടുത്തി കുഴികൾ അടച്ച് ടാറിംഗ് ചെയ്യണം. ഇതേസമയം കൊച്ചുപിലാംമൂട് പാലം കൂടി അടച്ച് പാലത്തിലെ ഇളകി മാറിയ എക്സ്പാൻഷൻ ജോയിന്റുകൾ ബലപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ജനങ്ങളുടെ എതിർപ്പ് മൂലം തീരുമാനം നീട്ടിവയ്കുകയായിരുന്നു. ഓവർ ബ്രിഡ്ജിന്റെ മൂന്ന് എക്സ്പാൻഷൻ ജോയിന്റുകൾ ബലപ്പെടുത്താൻ 20 ദിവസം എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം. ജോലികൾ വേഗത്തിലാക്കി പാലം തുറന്ന് ദുരിതം അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

 കുരുക്കിവലച്ച 13 ദിവസങ്ങൾ

പാലം അടച്ചതോടെ കഴിഞ്ഞ 13 ദിവസമായി നഗരം കുരുങ്ങി വലിയുകയാണ്. ട്രാഫിക് ഡ്യൂട്ടിയിലുളള പൊലീസുകാർ കാണിക്കുന്ന വഴികളിലൂടെ ലക്കും ലഗാനുമില്ലാതെ വാഹനങ്ങൾ കടന്നുപോവുകയാണ്. നഗരം അത്ര പരിചയമില്ലാത്തവരാണ് കൂട്ടക്കുഴപ്പമുണ്ടാക്കുന്നത്. പാലം അടയ്ക്കുമെന്ന് അറിഞ്ഞപ്പോൾ വാഹനങ്ങൾ തിരിച്ചുവിടാൻ പൊലീസ് ഒന്നും ചെയ്തില്ല. ചിന്നക്കടയിൽ നിന്ന് തിരിച്ചു വിടുന്ന വാഹനങ്ങൾ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് കോൺവെന്റ് ജംഗ്ഷനിലെത്തി ചിന്നക്കട ഓവർബ്രിഡ്ജ് വഴി പോകേണ്ടി വരുന്നതും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. വാഹനങ്ങൾ നേരെ ഓവർബ്രിഡ്ജിലേക്ക് കയറാൻ സൗകര്യം ഒരുക്കിരുന്നുവെങ്കിൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമായിരുന്നു.