കൊല്ലം: കെ.എസ്.യു പ്രവർത്തകർ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സിൽവർ ലൈൻ വിരുദ്ധ സമരത്തിന് ഉപയോഗിച്ചത് മോഷ്ടിച്ച കെ - റെയിൽ കല്ലെന്ന് സംശയം. ഇന്നലെ കെ - റെയിൽ കൊല്ലം സ്പെഷ്യൽ തഹസിൽദാർ ഓഫീസിലെ രണ്ട് ജീവനക്കാർ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെത്തി കല്ല് പരിശോധിച്ചു.

ഇന്ന് രേഖാമൂലം റിപ്പോർട്ട് നൽകിയേക്കും. ഇതിനുശേഷം കല്ല് തയ്യാറാക്കിയ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ സീരിയൽ നമ്പർ പരിശോധിക്കും. ഇങ്ങനെ കെ - റെയിൽ കല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചാൽ എവിടെ സ്ഥാപിച്ചിരുന്നതാണെന്ന് കണ്ടെത്താൻ ശ്രമിക്കും. അവിടെ നിന്ന് കല്ല് നഷ്ടമായിട്ടുണ്ടെങ്കിൽ സമരം സംഘടിപ്പിച്ച കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊതുമുതൽ മോഷ്ടിച്ചതിന് കേസെടുക്കും.

കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് കെ.എസ്.യു പ്രവർത്തകർ കെ - റെയിലിന്റേതിന് സമാനമായ കല്ല് സ്ഥാപിച്ചത്. സംശയം തോന്നിയ പൊലീസ് ഉടൻ തന്നെ കല്ല് കസ്റ്റഡിയിലെടുക്കുകയായിരുന്നു.