p

ചവറ: ഡിസ്ട്രിക് ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കൊല്ലം ചവറയിൽ ജില്ലാ ശരീര സൗന്ദര്യ മത്സരം സംഘടിപ്പിച്ചു. കെ.എം.എം.എൽ മൈതാനത്ത് നടന്ന പരിപാടിയിൽ 350 പേർ പങ്കെടുത്തു.

എട്ട് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.ബി.ബി.എ.കെ ജില്ലാ പ്രസിഡന്റ് ഷിഹാസ് അദ്ധ്യക്ഷനായി. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ്, മുൻ മിസ്റ്റർ ഇന്ത്യ എം.ജെ. ജയകുമാർ, കെ.എച്ച്.സി.ഒ സംസ്ഥാന പ്രസിഡന്റ് വി.കെ.അനിൽകുമാർ, സംസ്ഥാന സെക്രട്ടറി നഷർബാൻ, കെ.എച്ച്.സി.ഒ ജില്ലാ പ്രസിഡന്റ് ഷൈൻ ജോൺസൺ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

വിജയികൾക്കുള്ള സ്വർണപ്പതക്കം ചവറ സർക്കിൾ ഇൻസ്‌പെക്ടർ എ. നിസാമുദീൻ വിതരണം ചെയ്തു. സീനിയർ, ജൂനിയർ വിഭാഗത്തിൽ മിസ്റ്റർ കൊല്ലമായി പ്രശാന്തിനെയും അഖിൽ കുമാറിനെയും തിരഞ്ഞെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ എം. അംജിത്ത് ഒന്നാം സ്ഥാനം നേടി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ടി.രാജനും വനിതാ വിഭാഗത്തിൽ മിസിസ് കൊല്ലമായി അശ്വതിയും മിസ് കൊല്ലമായി രമ്യയും തിരഞ്ഞെടുത്തു. മെൻ ഫിറ്റ്‌നസ് വിഭാഗത്തിൽ ജോമോൺ ഒന്നാം സ്ഥാനം നേടി. മത്സരത്തിൽ ഓവറാൾ ചാമ്പ്യൻ ഷിപ്പ് പുത്തൂർ മസിൽ ഫാക്ടറിയും രണ്ടാം സ്ഥാനം കൊട്ടാരക്കര നാസ്‌കോ ഫിറ്റ്‌നസും നേടി. 26ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ വിജയികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും.