കൊല്ലം: ചവറ ഐ.ആർ.ഇയിൽ സർവീസിലിക്കെ മരിച്ചവരുടെ ആശ്രിതർക്കുള്ള നിയമനത്തിന് നടപടി സ്വീകരിക്കണമെന്നും ഐ.ആർ.ഇ സഹകരണ സംഘം തൊഴിലാളികളുടെ ദീർഘകാല കരാർ ഒപ്പ് വയ്ക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് ആവശ്യം ഉന്നയിച്ചത്.
1990ന് ശേഷം ഐ.ആർ.ഇ യിൽ വർക്കർ കാറ്റഗറിയിൽ നിയമനം നടത്തിയിട്ടില്ല. ആശ്രിതർക്കുള്ള നിയമനങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്. ആശ്രിത നിയമനത്തിനായി സമർപ്പിച്ച അപേക്ഷകളിൽ 12 വർഷമായി തീരുമാനം ഉണ്ടായിട്ടില്ല. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാണ്. ഐ.ആർ.ഇ മാനേജ്മെന്റിന്റെ നിഷേധാത്മകമായ സമീപനം കൊണ്ടാണ് ആശ്രിതനിയമനം അനന്തമായി നീളുന്നത്. തൊഴിലാളികളുടെ കുടുംബാംഗങ്ങൾ ജോലിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിൽപ്പെട്ട തൊഴിലാളികളുടെ ആശ്രിതർക്കും ജോലിക്ക് അർഹതയുണ്ട്. എല്ലാ വിഭാഗം തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്ക് അവകാശപ്പെട്ട തൊഴിൽ നൽകാൻ നടപടി സ്വീകരിക്കണം. ഐ.ആർ.ഇ സഹകരണ സംഘം തൊഴിലാളികളുടെ ദീർഘകാല കരാർ ഒപ്പ് വയ്ക്കുന്നതിനുള്ള സമയം അതിക്രമിച്ചെന്നും എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.