കൊല്ലം: ക്ഷേത്ര അധികാരത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭരണസമിതി അംഗത്തിന് കുത്തേറ്റു. അയിലറ കലുങ്ക് ജംഗ്ഷനിൽ മുരളി ഭവനിൽ മുരളീധരൻപിള്ള (60) ക്കാണ് കുത്തേറ്റത്. അയിലറ ആയിരവല്ലി മഹാദേവ ക്ഷേത്രത്തിലെ ഭരണ സമിതിയുടെ പ്രസിഡന്റാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ആക്രമിച്ച അയിലറ അജി ഭവനിൽ അനിൽ കുമാറിനെ (46) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിലറ ആയിരവല്ലി മഹാദേവക്ഷേത്രത്തിൽ ക്ഷേത്രം ഭരണസമിതിയും പൊതു ജനങ്ങളും തമ്മിൽ ക്ഷേത്രത്തിന്റെ നിയന്ത്രണത്തെ ചൊല്ലി തർക്കവും കോടതിയിൽ കേസുമുണ്ട്. ഏരൂർ പൊലീസ് നടത്തിയ മദ്ധ്യസ്ഥ ചർച്ചയിലൂടെയാണ് ഈ വർഷത്തെ ഉത്സവം നടത്തിയത്. ഉത്സവം നടത്തിപ്പ് ചുമതല പൊതുജനങ്ങൾക്കായിരുന്നു. മദ്ധ്യസ്ഥ ചർച്ചയിൽ ഉണ്ടാക്കിയ കരാർ പ്രകാരം ഉത്സവ ശേഷം ക്ഷേത്രത്തിന്റെ താക്കോൽ ഭരണസമിതിക്ക് തിരികെ കൈമാറിയ ശേഷം തർക്കം വീണ്ടും രൂക്ഷമായി. ക്ഷേത്രം പ്രസിഡന്റിനെ ആക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണം നടത്തിയതിന് അനിൽ കുമാറിനെതിരായി മുരളീധരൻ പിള്ള കേസ് കൊടുത്തതാണ് ആക്രമണത്തിന് പിന്നിൽ. ശനിയാഴ്ച രാത്രി 10 മണിയോടെ അനിൽകുമാർ മുരളീധരൻപിള്ളയുടെ വീടിന് മുന്നിൽ എത്തി ചീത്ത വിളിക്കുകയും ചീത്ത വിളി കേട്ട് ഇറങ്ങിവന്ന മുരളീധരൻപിള്ളയെ കത്തിവെച്ച് കുത്തുകയുമായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ സ്വകാര്യ വാഹനത്തിൽ സ്ഥലത്തെത്തിയ ഏരൂർ എസ്. ഐ ശരലാൽ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ രക്ഷപ്പെടാതെ തടഞ്ഞുവച്ചു. തുടർന്ന് ഇൻസ്പെക്ടർ പ്രതാപ ചന്ദ്രന്റെ നിർദ്ദേശമനുസരിച്ച് ഗ്രേഡ് എസ്. ഐ സുരേഷ് കുമാർ, എ. എസ് .ഐ മാരായ ഉദയകുമാർ, മധു, സിവിൽ പൊലീസ് ഓഫീസർമാരായ അനിമോൻ, മുഹമ്മദ് അസർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.