photo
കാറിന്റെ ബോണറ്റിലെ തീ ഫയർഫോഴ്സ് അണയ്ക്കുന്നു.

കരുനാഗപ്പള്ളി : ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 11.30 മണിയോടെ കരുനാഗപ്പള്ളി ടൗണിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. കല്ലേലിഭാഗം സ്വദേശി നിസാമുദ്ദീനും കുടുംബവും സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിനാണ് തീപിടിച്ചത്. കാറിന്റെ ബോണറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ റോഡിന്റെ വശത്തേയ്ക്ക് ഒതുക്കിയിട്ടു. കാറിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരെ പുറത്തിറക്കി. സമീപത്തെ പെട്രോൾപമ്പ് ജീവനക്കാർ തീയണയ്ക്കാനുള്ള ഉപകരണങ്ങളുമായി ഓടിയെത്തി പരിശ്രമം നടത്തി. തുടർന്ന് ഫയർഫോഴ്സെത്തി തീ പൂർണ്ണമായും അണച്ചു. കാറിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആയിരിക്കാം അഗ്നി ബാധയ്ക്ക് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.