കൊല്ലം: വൈദേശികാധിപത്യത്തിന്റെ ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യംവഹിച്ച തങ്കശേരിയുടെ പൈതൃകം പുനസൃഷ്ടിക്കുന്ന തങ്കശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് ജീവൻ വയ്ക്കുന്നു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന 34 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഡച്ച് സെമിത്തേരിയോടു ചേർന്ന് റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുളള ഭൂമിയിൽ കോർപ്പറേഷനാണ് ഫ്ളാറ്റുകൾ നിർമ്മിക്കുക.ഭൂമി ആവശ്യപ്പെട്ട് സർക്കാരിന് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. സർക്കാർ ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കളക്ടറോടു ആരാഞ്ഞിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. എം. മുകേഷ് എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുളള ഭൂമി കോർപ്പറേഷന് കൈമാറണമെന്നാണ് ആവശ്യം. 10 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രൂപരേഖ സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കുകയാണ്.
പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും താവളമായിരുന്ന തങ്കശേരിയുടെ പൗരാണികത നിലനിറുത്തി മനോഹരമായ തെരുവാക്കുകയാണ് ലക്ഷ്യം.1936ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കാവൽ ആർച്ച് ആണ് ചരിത്ര സ്മാരകങ്ങളിൽ പ്രധാനപ്പെട്ടത്. വിദേശ ആധിപത്യത്തിന്റെ മറ്റൊരു സ്മാരകമാണ് ബ്രിട്ടീഷുകാർ നിർമ്മിച്ച എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെട്ടിടം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കെട്ടിടം പുനരുദ്ധരിച്ചു ചരിത്ര മ്യൂസിയമാക്കി മാറ്റും. ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന സെമിത്തേരി പുനരുദ്ധരിച്ചു ചെടികൾ വച്ചു പിടിപ്പിച്ച് മനോഹരമാക്കുന്നതും പദ്ധതിയിലുണ്ട്.
# അലങ്കാര വിളക്കുകളും
 കാവൽ ആർച്ച് മുതൽ തങ്കശേരി വരെ റോഡ് നവീകരിച്ച് മനോഹരമായ തെരുവാക്കും
 റോഡിന് സൗന്ദര്യമേകാൻ അലങ്കാര വിളക്കുകൾ
 കാവൽ ആർച്ച് ഗേറ്റ് നവീകരണം
 എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെട്ടിടം ചരിത്ര മ്യൂസിയമാക്കും
..........................
₹ 10 കോടി: തങ്കശേരി പൈതൃക പദ്ധതിക്ക് അനുവദിച്ച തുക
₹ 99 ഏക്കർ: തങ്കശേരിയുടെ വിസ്തൃതി
.................................................
502 വർഷം: തങ്കശേരി ചരിത്രത്തിന്റെ പഴക്കം