house

കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.ഐ) ഭവന പദ്ധതി മുടന്തുന്നു. ഈ സാമ്പത്തിക വർഷം ജില്ലയിൽ ഒരു വീടിന്റെ പോലും നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

അപേക്ഷകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലുണ്ടായ കാലതാമസത്തിന് പിന്നാലെ ഫണ്ട് ലഭിക്കുന്നതിലുള്ള തടസവും ഗുണഭോക്താക്കൾക്ക് വിനയായി. പി.എം.എ.ഐയുടെ പോർട്ടലിൽ പേരു രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് വിശദ പരിശോധനയ്ക്ക് ശേഷം കേന്ദ്ര സർക്കാരാണ് ഓരോ സാമ്പത്തിക വർഷത്തേക്കുമുള്ള മുൻഗണനാ ലിസ്റ്റ് തയ്യാറാക്കി ബ്ളോക്ക് പഞ്ചായത്തുകൾക്ക് നൽകുന്നത്.

കേന്ദ്ര സർക്കാർ 1.20 ലക്ഷം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകും. ഇതിന് പുറമേ 70,000 രൂപ ഗ്രാമ പഞ്ചായത്തും 98,000 രൂപ ജില്ലാ പഞ്ചായത്തും 1.12 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും നൽകും. ആകെ 4 ലക്ഷം രൂപയാണ് ഒരു വീടിന് നൽകുന്നത്.

ഈ സാമ്പത്തിക വർഷം വളരെ വൈകിയാണ് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കൂടാതെ കേന്ദ്ര ഫണ്ടും വൈകി. കുറച്ചുപേർക്ക് മാത്രമാണ് ഒന്നും രണ്ടും ഗഡുക്കൾ ലഭിച്ചത്. കഴിഞ്ഞ ഒരു മാസമായി അക്കൗണ്ടിൽ പണമില്ലാതിരുന്നതും ആശങ്ക വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കരിന്റെ പി.എം.എ.ഐ പദ്ധതി സംസ്ഥാനത്ത് ലൈഫ് പദ്ധതിയായി നടപ്പാക്കുന്നതാണ് കേന്ദ്ര ഫണ്ട് വൈകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് അനുവദിച്ച വീടുകൾ: 11,400

പൂർത്തിയായത്: 13

ആദ്യ ഗഡു ലഭിച്ചത്: 6377

രണ്ടാം ഗഡു: 303

ജില്ലയിൽ അനുവദിച്ചത്: 1172

തിരഞ്ഞെടുത്തത്: 1032

ആദ്യ ഗഡു ലഭിച്ചത്: 633

രണ്ടാം ഗഡു: 28

മൂന്നാം ഗഡു: 0

പൂർത്തിയായ വീടുകൾ. 0