bridge1
നിർമ്മാണം നിലച്ച വെട്ടിയ തോട് പാലം

പടിഞ്ഞാറേകല്ലട: കോതപുരം വെട്ടിയതോട് പാലത്തിന്റെ നിർമ്മാണം വീണ്ടും നിലച്ചു. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പലവിധ തടസങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അതെല്ലാം അതിജീവിച്ച് പാലത്തിന്റെ തൂണുകൾക്കായുള്ള പൈലിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ തടസം ഉയർന്നത്. പൈലിംഗിനിടെ സമീപത്തെ ക്ഷേത്രമതിലിന് വിള്ളൽ വീഴുകയും തുടർന്ന് ക്ഷേത്രഭാരവാഹികൾ പരാതിയുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് നിർമ്മാണ ജോലികൾ നിർത്തിവയ്ക്കേണ്ടി വന്നത്.

ആറ് തൂണുകൾ ബാക്കി

നവംബർ 12 നായിരുന്നു പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചത്. 3.27 കോടി പാലത്തിനും 2.16 കോടി രൂപ സമാന്തര റോഡിനും സർക്കാർ അനുവദിച്ചു. 24 മീറ്റർ നീളത്തിൽ 10 മീറ്റർ വീതിയിൽ ഇരുകരകളിലുമായി ഒമ്പത് തൂണുകളാണ് നിർമ്മിക്കേണ്ടത്.ക്ഷേത്രത്തിനോട് ചേർന്നുള്ള മൂന്നു തൂണുകളുടെ പൈലിംഗ് പൂർത്തിയായി. ശേഷിക്കുന്ന ആറ് തൂണുകളുടെ പണി തുടങ്ങാനിരിക്കെയാണ് തർക്കം ഉടലെടുത്തത്. 18 മാസമാണ് കരാർ കാലാവധി. വേനൽക്കാലത്തുതന്നെ പൈലിംഗ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാരൻ.

ക്ഷേത്ര ഭാരവാഹികളുമായും കരാറുകാരനുമായും ചർച്ച നടത്തി നിർമ്മാണത്തിലെ തടസ്സങ്ങൾ പരിഹരിച്ച് പാലംപണി നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.

ദീപ ഓമനക്കുട്ടൻ, അസി. എക്സിക്യുട്ടീവ് എൻജിനീയർ,

ബിൽഡിംഗ് വിഭാഗം, കൊല്ലം.

നാടിന്റെ സമഗ്ര വികസനം മുൻനിർത്തി നിർമ്മിക്കുന്ന വെട്ടിയയോട് പാലത്തിന്റെ നിർമ്മാണ തടസ്സങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പരിഹരിക്കും.

ഡോ.സി. ഉണ്ണികൃഷ്ണൻ,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,

പടിഞ്ഞാറേകല്ലട