കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിൽ ബാങ്ക് വായ്പ കുടിശികയെത്തുടർന്ന് റവന്യൂ റിക്കവറി നടപടിയിലിരിക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കും. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ താലൂക്കിനുള്ളിലും പുറത്തുള്ളതുമായ 67 ബാങ്ക് ശാഖകളെ ഉൾപ്പെടുത്തിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിന് മുൻപായി റവന്യൂ അധികൃതർ ബാങ്ക് പ്രതിനിധികളുമായി യോഗം ചേർന്ന് വിശകലനം നടത്തിയിരുന്നു. ഇന്ത്യൻ ബാങ്കിന്റെ കടയ്ക്കൽ, കൊട്ടാരക്കര ശാഖകളാണ് അദാലത്തിനെ ഏകോപിപ്പിക്കുന്നത്. നാളെ കടയ്ക്കലിലും 25ന് കൊട്ടാരക്കരയിലും സിവിൽ സ്റ്റേഷനുകളിലാണ് അദാലത്ത് നടത്തുക. താലൂക്കിൽ നിലവിൽ 2,212 കേസുകളിലായി 5.39കോടി രൂപയാണ് കുടിശികയുള്ളത്. കൊവിഡ് പ്രതിസന്ധിമൂലം രണ്ട് വർഷമായി റവന്യൂ റിക്കവറി നടപടികൾ നിറുത്തിവച്ചിരുന്നതാണ്. ജപ്തി നടപടികൾ തുടങ്ങുന്നതിന് മുൻപായി പരമാവധി ഇളവുകൾ നൽകി അദാലത്തിലൂടെ തീർപ്പാക്കുകയാണ് ലക്ഷ്യം. വില്ലേജ് അധികൃതരും ബാങ്ക് പ്രതിനിധികളും ഉൾപ്പെടുന്ന സംഘം കുടിശികയുള്ളവരുടെ വീടുകളിലെത്തി അദാലത്തിന്റെ അറിയിപ്പ് നൽകുന്നുണ്ട്.
കടയ്ക്കലിൽ നാളെ
ചിതറ, മാങ്കോട്, കുമ്മിൾ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ഇട്ടിവ, കോട്ടുക്കൽ, ഇളമാട് വില്ലേജുകളിൽ ഉള്ളവർക്ക് നാളെ രാവിലെ മുതൽ കടയ്ക്കൽ സിവിൽ സ്റ്റേഷനിലാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
കൊട്ടാരക്കരയിൽ 25ന്
വെളിനല്ലൂർ, പൂയപ്പള്ളി, വെളിയം, ഉമ്മന്നൂർ, ഓടനാവട്ടം, വാളകം, മേലില, മൈലം, കൊട്ടാരക്കര, പുത്തൂർ, പവിത്രേശ്വരം, എഴുകോൺ, കുളക്കട, വെട്ടിക്കവല, ചക്കുവരയ്ക്കൽ, കരീപ്ര, നെടുവത്തൂർ, കലയപുരം വില്ലേജുകളിലുള്ളവർക്ക് 25ന് കൊട്ടാരക്കര സിവിൽ സ്റ്റേഷനിൽ നടത്തുന്ന അദാലത്തിൽ പങ്കെടുക്കാം.
കാര്യമായ ഇളവുകൾ ലഭിക്കും
കൊവിഡ് പ്രതിസന്ധിമൂലം വായ്പകൾ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്തവരാണ് അധികവുമെന്ന ബോദ്ധ്യത്തോടെയാണ് സർക്കാർ മുൻകൈയെടുത്ത് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. പരമാവധി ഇളവുകൾ നൽകണമെന്ന് ബന്ധപ്പെട്ട ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ആ നിലയിൽ അദാലത്തിൽ പങ്കെടുക്കുന്നവർക്ക് ഒറ്റത്തവണയായിട്ടോ തവണകളായിട്ടോ വായ്പ അടയ്ക്കാൻ സൗകര്യമൊരുക്കും. പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കൽ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
"വായ്പ കുടിശികമൂലം ജപ്തി ഭീഷണി നേരിടുന്നവർക്ക് വലിയ ആശ്വാസമാകും ഈ അദാലത്ത്. പരമാവധി ഇളവുകൾ ലഭ്യമാക്കും. സാധാരണക്കാരെ സഹായിക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം. പരമാവധി ആളുകൾ അദാലത്ത് പ്രയോജനപ്പെടുത്തണം "- പി.ശുഭൻ, തഹസീൽദാർ, കൊട്ടാരക്കര