borewell
കോലിഞ്ചിമലയിലെ പാറക്വാറിയിൽ കുഴൽ കിണർ കുഴിക്കുന്നു

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ കോലാഞ്ചിമലയിൽ കുഴൽ കിണർ കുഴിക്കാൻ ശ്രമിച്ചത് പ്രദേശവാസികൾ തടഞ്ഞു. ഇന്നലെ രാവിലെയായിരുന്നു സംഭവം. പാറക്വാറിക്കുള്ളിൽ യന്ത്രങ്ങളുപയോഗിച്ച് കുഴൽ കിണർ കുഴിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതിനെ തുടർന്നാണ് പ്രദേശവാസികൾ ഒത്തുകൂടി പ്രതിഷേധവുമായി ക്വാറിക്കുള്ളിൽ കടന്നത്. ആ സമയം അറുപത് അടിയോളം താഴ്ചയിൽ കുഴൽകിണറിനായി കുഴിച്ചിരുന്നു. പ്രതിഷേധക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി. കുഴൽ കിണർ നിർമ്മാണ തൊഴിലാളികളോട് തിരക്കിയപ്പോൾ ഭൂഗർഭജല വകുപ്പിൽ നിന്ന് അനുമതി നേടാതെയാണ് കിണർ കുഴിക്കുന്നതെന്ന് മനസിലായി. തുടർന്ന് കുഴൽ കിണർ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവെക്കാൻ പൊലീസ് തൊഴിലാളികളോട് ആവശ്യപ്പെട്ടു. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി യന്ത്രസാമഗ്രികളുമായി അവർ ക്വാറിയിൽ നിന്ന് പോയി.

തിങ്കളാഴ്ചയും പ്രദേശവാസികൾ ക്വാറിക്കെതിരെ സമാനമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. അനുമതിയില്ലാതെ ക്വാറിയിൽ ക്രഷർ പ്രവർത്തിപ്പിച്ചതിനെതിരെയായിരുന്നു പ്രതിഷേധിച്ചത്. ക്വാറി നടത്തിപ്പുകാരും പ്രദേശവാസികളും തമ്മിൽ മണിക്കൂറോളം നീണ്ടു നിന്ന വാക്കേറ്റവും സംഘർഷവുമുണ്ടായി. ഒടുവിൽ കുന്നിക്കോട് പൊലീസെത്തി ക്രഷർ പ്രവർത്തനം താത്ക്കാലികമായി നിറുത്തിവെപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്.

അധികൃതരിൽ നിന്ന് അനുമതി ലഭിക്കാതെ ക്വാറിയിൽ ക്രഷർ പ്രവർത്തിപ്പിക്കാനും പാറലോഡുകൾ പുറത്തേക്ക് കൊണ്ടു പോകാനും അനുവദിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് ചൂണ്ടി കാണിച്ച് തിങ്കളാഴ്ച അവർ വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നേരിട്ടെത്തി വീണ്ടും പരാതി നൽകി.

മുൻപ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലം ജില്ലാ കളക്ടർ കോലിഞ്ചിമലയിലെ ക്വാറി സന്ദർശിച്ച് അഞ്ച് വകുപ്പുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ജിയോളജിയും റവന്യൂ വകുപ്പും കഴിഞ്ഞ ശനിയാഴ്‌ച റിപ്പോർട്ട് നൽകിയിരുന്നു. മലിനീകരണ നിയന്ത്രണ വകുപ്പും വിളക്കുടി ഗ്രാമപഞ്ചായത്തും തിങ്കളാഴ്ച റിപ്പോർട്ട് നൽകി. പൊലീസിനോടും കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ റിപ്പോർട്ടും ലഭിച്ചതിന് ശേഷം മാത്രമേ തുടർ നടപടികളെക്കുറിച്ച് തീരുമാനം എടുക്കുകയുള്ളുവെന്നാണ് കളക്ടർ അറിയിച്ചത്.