prathi

കൊല്ലം: യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവും എം.ഡി.എം.എയും വി​ല്പന നടത്തുന്ന സംഘം പി​ടി​യി​ൽ. പരവൂർ, അഞ്ചാലുമൂട്, ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് മൂന്നുപേരെ കഞ്ചാവുമായും ഒരാളെ എം.ഡി​.എം.എയുമായും പൊലീസ് പി​ടി​കൂടി​യത്.

പരവൂർ നെടുങ്ങോലം സ്‌കൂളിന് സമീപം വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വില്പ നടത്തിയ നെടുങ്ങോലം തൊടിയിൽ വീട്ടിൽ കിരൺ (കണ്ണൻ,​ 23), ശക്തികുളങ്ങര കന്നിമേൽ പാവൂർ തെക്കതിൽ വീട്ടിൽ സൂരജ് (20), വടക്കേവിള പള്ളിമുക്ക് തേജസ് നഗർ 105 ൽ ഹബീബ് (ടോണി,​ 62) എന്നിവരെ കഞ്ചാവുമായും ശക്തികുളങ്ങര കണിയാൻകട മീനത്ത് ചേരിയിൽ തലക്കോട്ട് തെക്കതിൽ ജോർജി​നെ (മനു- 31) എം.ഡി.എം.എയും കഞ്ചാവുമായും പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുനി​ന്നാണ് ജോർജിനെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ടി​. നാരായണന്റെ നേതൃത്വത്തി​ൽ നടപ്പാക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ലഹരി​വേട്ട. അഞ്ചാലുമൂട് ഇൻസ്‌പെക്ടർ സി. ദേവരാജൻ, പരവൂർ ഇൻസ്‌പെക്ടർ. എ. നിസാർ, കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷ്, ശക്തികുളങ്ങര ഇൻസ്‌പെക്ടർ യു. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.