photo
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പ്രവേശന വഴിയിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ

കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം സ്വകാര്യ വാഹനങ്ങൾ കൈയടക്കുന്നു. പ്രവേശന കവാടത്തിലടക്കം കാറുകളും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്തിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. പ്രവേശന കവാടത്തിൽ പലപ്പോഴും ബസുകൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. സ്റ്റാൻഡിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ രണ്ട് മാസം മുമ്പ് പൊലീസ് നടപടി കൈക്കൊണ്ടിരുന്നു. എന്നാൽ, ഇതിന് ശേഷം കാറുകളടക്കം സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്യുന്ന സ്ഥിതിയാണ്. നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന ബസ് സ്റ്റാൻഡുകളിലൊന്നാണ് കൊട്ടാരക്കരയിലേത്. സ്റ്റാൻഡിനുള്ളിൽ അപകടങ്ങളും ഉണ്ടാകാറുണ്ട്. വഴിയിലും സ്റ്റാൻഡിനുള്ളിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ സ്ഥല പരിമിതി സാരമായി ബാധിക്കുന്നുണ്ടെന്ന് ബസ് ഡ്രൈവർമാർ പറയുന്നു.

മോഷണവും കഞ്ചാവ് വില്പനയും

സ്റ്റാൻഡിനുള്ളിൽ അടുത്തിടെയായി പിടിച്ചുപറിക്കാരുടെ ശല്യം ഏറിയിട്ടുണ്ട്. മാലപൊട്ടിച്ച നാടോടി സ്ത്രീകളെ മൂന്ന് തവണ പിടികൂടിയെങ്കിലും ബസിലെ മോഷണത്തിന് കുറവില്ല. പഴ്സും മാലയുമടക്കം നഷ്ടപ്പെട്ടു എന്നുകാട്ടി ദിവസവും പരാതികൾ സ്റ്റേഷനിൽ ലഭിക്കുന്നുണ്ടെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തിട്ടില്ല. സ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് വില്പനയും വ്യാപകമായിട്ടുണ്ട്. രാത്രിയിൽ ബസുകൾക്കുള്ളിൽ മദ്യപിക്കുന്ന സംഘങ്ങളുമുണ്ട്. ഇക്കാര്യത്തിൽ ട്രാൻ.ജീവനക്കാരുടെ ഒത്താശയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.