കൊല്ലം: ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന ഗാർഹിക തൊഴിലാളി നിയമം കേന്ദ്ര സർക്കാർ നടപ്പാക്കണമെന്ന് എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ഐ.എൽ.ഒ 2011ൽ അംഗീകരിച്ച കാര്യങ്ങൾ 11 വർഷങ്ങൾക്കിപ്പുറം 2022ലും നടപ്പിലാക്കാതെ അവഗണിക്കുന്നത് ഖേദകരമാണ്.
സാർവ്വ ദേശീയ ഗാർഹിക തൊഴിലാളി അവകാശ സംരക്ഷണ ദിനത്തിൽ നാഷണൽ പ്ളാറ്റ്ഫോം ഫോർ ഡൊമസ്റ്റിക് വർക്കേഴ്സിന്റെയും കേരള ഡൊമസ്റ്റിക് വർക്കേഴ്സ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
യൂണിയൻ പ്രസിഡന്റ് ഷൈനി പത്രോസ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ്, യൂണിയൻ കോ ഓർഡിനേറ്റർ സിസ്റ്റർ മഡോണ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഭിലാഷ് കുരുവിള, സിസ്റ്റർ മേരി ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.