mannankuzhi
വിളക്കുടി ഗ്രാമപഞ്ചായത്തിലെ മണ്ണാങ്കുഴിയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലം

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ കാര്യറ മണ്ണാങ്കുഴിയിൽ റെയിൽവേ മേൽപ്പാല നിർമ്മാണത്തിലെ അനിശ്ചിതത്വം തുടരുന്നു. മേൽപ്പാല നിർമ്മാണത്തിന്റെ വിശദപദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് റെയിൽവേയ്ക്ക് കൈമാറാനുള്ള ഫണ്ട് വൈകുന്നതാണ് കാരണം.

6.80 ലക്ഷം രൂപയാണ് ഡി.പി.ആർ തയ്യാറാക്കുന്നതിന് ഗ്രാമപഞ്ചായത്ത് നൽകേണ്ടത്. ഫണ്ട് കൈമാറാൻ പഞ്ചായത്ത് ഡയറക്ടറേറ്റ് അനുമതി നൽകിയെങ്കിലും ധനകാര്യ വകുപ്പിൽ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടർ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് കത്തും അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ ധനകാര്യവകുപ്പിന്റെ പരിഗണയിലാണ്.

അതേസമയം, ഈ തുക എത്രയുംവേഗം നൽകണമെന്ന് ആവശ്യപ്പെട്ട്

റെയിൽവേ മധുര ഡിവിഷൻ അധികൃതരും വിളക്കുടി ഗ്രാമപഞ്ചായത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

2021 ഡിസംബറിലാണ് റെയിൽവേ മധുര ഡിവിഷണൽ മാനേജർ മേൽപ്പാലം നിർമ്മിക്കാനുള്ള സ്ഥലം സന്ദർശിച്ചത്. തുടർന്ന് ഇതിനായി അനുമതി നൽകുകയും ചെയ്തു. ആഴ്ചകൾക്കുള്ളിൽ റെയിൽവേ 3.25 കോടി രൂപയുടെ പ്രാഥമിക രൂപരേഖയും തയ്യാറാക്കി നൽകി. ഡി.പി.ആർ തയ്യാറാക്കാനുള്ള തുക അടക്കയ്ക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മധുര ഡിവിഷനിലെ എൻജിനീയറിംഗ് വിഭാഗം ഗ്രാമപഞ്ചായത്തിന് കത്തും നൽകിയിരുന്നു. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് കണ്ടെത്തണമെന്നായിരുന്നു വ്യവസ്ഥ. രാഷ്ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികളും പിന്തുണ അറിയിച്ചതോടെ എം.പി, എം.എൽ.എ ഫണ്ടും ഇതിന് വേണ്ടി വിനിയോഗിക്കാൻ തീരുമാനമായി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഫണ്ട് കൈമാറാൻ വിളക്കുടി ഗ്രാമപഞ്ചായത്തിനായില്ല.

മണ്ണാങ്കുഴിയിൽ റെയിൽവേ മേൽപ്പാലം വേണമെന്നുളളത് പ്രദേശവാസികളുടെ ചിരകാല ആവശ്യമാണ്. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ചേരാൻ പ്രദേശവാസികൾക്ക് പത്ത് കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിക്കണം. വിളക്കുടി ഗ്രാമപഞ്ചായത്തിനെ രണ്ടായി വിഭജിച്ചാണ് കൊല്ലം-ചെങ്കോട്ട റെയിൽവേ പാത കടന്നു പോകുന്നത്. ഈ മാസം തന്നെ ധനകാര്യ വകുപ്പിൽ നിന്ന് ഫണ്ട് കൈമാറാനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

.............................................................................

വിളക്കുടി ഗ്രാമപഞ്ചായത്ത് വിശദാംശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കി നൽകിയ ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്ന് അനുമതി ലഭിച്ചിട്ടുള്ളതിനാൽ പദ്ധതിയിലെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല.

അദബിയ നാസറുദ്ദീൻ

പ്രസിഡന്റ്, വിളക്കുടി ഗ്രാമപഞ്ചായത്ത്