എഴുകോൺ: മാടൻകാവ് ശ്രീമഹാദേവർ ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിന് 25 ന് തുടക്കമാകും. വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം അന്നേ ദിവസം വൈകുന്നേരം കൊട്ടാരക്കര ശ്രീശങ്കര ആർട്സ് കോളേജ് പ്രിൻസിപ്പാൾ ജി.ശിവശങ്കരപ്പിള്ള നിർവ്വഹിക്കും.
ക്ഷേത്രത്തിൽ ആദ്യമായി നടക്കുന്ന ലക്ഷദീപ സമർപ്പണത്തിന്റെ ദീപ പ്രകാശനം ഏപ്രിൽ 1ന് വൈകിട്ട് 6 ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി.മന്മഥൻ നിർവ്വഹിക്കും. തുടർന്ന് അമലേന്ദു, അമൃതേന്ദു, സനിഗ, സത്യദാസ് എന്നിവരുടെ സംഗീത സദസ് നടക്കും.
ഒമ്പതാം ഉത്സവദിവസമായ 2 ന് വൈകിട്ട് ചന്ദ്രപ്പൊങ്കൽ ദീപ പ്രകാശനം പ്രസന്ന വിലാസം ബംഗ്ലാവിൽ സുഭദ്ര വാസുദേവൻ നിർവ്വഹിക്കും.
രാത്രി 8ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേർച്ചയായി തിരുവനന്തപുരം ആർട്സ് ഒഫ് ഇന്ത്യയുടെ ഡ്രാമരക്ഷസ് അരങ്ങേറും. തുടർന്ന് മാടനൂട്ട്. 3 ന് വൈകിട്ട് 4 ന് കെട്ടുകാഴ്ചയോട് കൂടിയ എഴുകോൺ പൂരം.
പൂര കാഴ്ചയ്ക്ക് മുപ്പത്തിയഞ്ചിൽപ്പരം ഇനങ്ങൾ അണിനിരക്കും.
വൈകിട്ട് 6 ന് കൊച്ചിൻ നവമി വോയ്സിന്റെ ഗാനമേള.
8.30 ന് കണ്ണൂർ ഹൈ ബീഡ്സിന്റെ മെഗാ ഗാനമേളയും നടക്കും.
പതിവ് പൂജകൾക്ക് പുറമെ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, തിരുമുമ്പിൽ പറയിടീൽ, സോപാന സംഗീതം എന്നിവയും ഒമ്പതാം ദിവസം പൂമൂടലും ഉണ്ടായിരിക്കും.
ഉത്സവ ആഘോഷങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. ഉത്സവത്തിന്റെ വിജയത്തിനായി എല്ലാഭക്ത ജനങ്ങളുടെയും സഹകരണം
ക്ഷേത്ര, ഉത്സവ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.