കൊല്ലം: യുക്രെയിനിൽ പാതിവഴിയിൽ പഠനം മുടങ്ങി തിരികെയെത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠനം സാദ്ധ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപടണമെന്ന് ആൾ കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പേരന്റ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കർണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ സർക്കാരുകൾ അവിടെയുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനം അതതു സംസ്ഥാനത്ത് തന്നെ നടത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. യുദ്ധം അവസാനിച്ചാലും അവിടത്തെ ആഭ്യന്തര കലാപങ്ങളും മറ്റും തുടരാനുള്ള സാഹചര്യമുള്ളതിനാൽ കുട്ടികൾക്ക് തുടർപഠനം സാദ്ധ്യമാകില്ല. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ നിരവധി സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നുണ്ട്. തിരികെയെത്തിയ വിദ്യാർത്ഥികൾക്ക് അവിടെ പ്രവേശനം സാദ്ധ്യമാക്കണം. കുട്ടികളുടെ തുടർപഠനത്തിന് സർട്ടിഫിക്കറ്റുകൾ തിരികെ ലഭ്യമാകുന്നതിനായി നാഷണൽ മെഡിക്കൽ കൗൺസിൽ ഇടപെടണം. കുട്ടികളെ സുരക്ഷിതരായി തിരികെയെത്തിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകളോടും നോർക്കയോടും വിദേശകാര്യ മന്ത്റാലയത്തോടും നന്ദിയുണ്ട്. ഇവരുടെ തുടർവിദ്യാഭ്യാസത്തിനായി 10 കോടി രൂപ നീക്കി വച്ച സംസ്ഥാനസർക്കാരിനോട് കടപ്പാടുണ്ടെന്നും പ്രതിനിധികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ കോ ഓർഡിനേറ്റർമാരും വിദ്യാർത്ഥികളുമായ കെ. സുരേഷ് കുമാർ, ഗിരീഷ് ഗണേശൻ, മാളവിക, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.