photo
തകർച്ചയിലായ പണയിൽ കിടങ്ങിൽഭാഗം- വല്ലം റോഡ്

കൊട്ടാരക്കര : കോട്ടാത്തല പണയിൽ കിടങ്ങിൽഭാഗം - വല്ലം റോഡ് തകർന്നു. ടാറിംഗിന്റെ പൊടിപോലുമില്ലാത്ത വിധം റോഡ് തകർന്നതോടെ നാട്ടുകാർ യാത്രാ ദുരിതത്തിലാണ്. മെറ്റലുകൾ ഇളകിത്തെറിച്ച് അപകടങ്ങളും കൂടുന്നു. കുത്തനെയുള്ള ഇറക്കമായതിനാൽ മിക്കപ്പോഴും അപകടങ്ങളുണ്ടാകുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ടുന്നത്.

റീ ടാറിംഗ് നടന്നില്ല

കൊട്ടാരക്കര- പുത്തൂർ റോഡിൽ നിന്നാണ് വല്ലം ക്ഷേത്ര ജംഗ്ഷനിലേക്കും കുറവൻചിറയിലേക്കുമെത്തുന്ന റോഡ് തുടങ്ങുന്നത്. ഇരുപത് വർഷം മുൻപാണ് നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ് ടാറിംഗ് നടത്തിയത്. പണയിൽ- വല്ലം- കുറവൻചിറ എന്ന പേരിലാണ് അന്ന് റോഡ് നിർമ്മിച്ചത്. ഇടയ്ക്ക് പഞ്ചായത്തുഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ശാശ്വതമായ റീ ടാറിംഗ് നടന്നില്ല. മാവിള ഭാഗം മുതൽ വട്ടവിളവരെ നീളുന്ന മുന്നൂറ് മീറ്റർ ദൂരം തീർത്തും നശിച്ചു. ഇവിടെ കാൽനട യാത്രപോലും പ്രയാസകരമായി മാറി. ഇരുചക്ര വാഹനവുമായി റോഡിലേക്കിറങ്ങിയാൽ ഇളകിയ മെറ്റലിൽ കയറി മറിയുന്ന സ്ഥിതിയാണ്. പച്ചമണ്ണ് വെട്ടിയിട്ട് കുറച്ച് പരിഹാരമുണ്ടാക്കി. മഴപെയ്താൽ ഇത് കൂടുതൽ ചെളിക്കുണ്ടായി മാറും. പണയിൽ സ്കൂൾ ഭാഗത്തുനിന്നും വല്ലം ഭാഗത്തേക്ക് എത്തുന്ന റോഡും ഇതുമായി കൂടിച്ചേരുന്നുണ്ട്. ഈ റോഡും തകർന്നു. കുറവൻചിറ ജംഗ്ഷൻ വരെ വിവിധ ഇടങ്ങളിലായി റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിരിക്കുന്നു.

ജനപ്രതിനിധികൾ ഇടപെടുന്നില്ല

നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല, അവണൂർ വാർഡുകൾ അതിർത്തി പങ്കിടുന്നതാണ് റോഡിന്റെ ഒരു ഭാഗം. ശേഷിക്കുന്ന ഇടം കോട്ടാത്തല, കുറുമ്പാലൂർ വാർഡുകളാണ് അതിർത്തി പങ്കിടുന്നത്. ഇക്കാര്യംകൊണ്ടുതന്നെ ജനപ്രതിനിധികൾ റോഡിന്റെ പുനർ നിർമ്മാണക്കാര്യത്തിൽ വേണ്ട താത്പര്യമെടുക്കുന്നില്ല. ബ്ളോക്ക് പഞ്ചായത്ത് ഡിവിഷന്റെ കാര്യത്തിലും ഈ വേർതിരിവുണ്ട്. ജനപ്രതിനിധികൾ തമ്മിലുള്ള വാശി മാറ്റി റോഡ് റീ ടാറിംഗ് നടത്താൻ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മാവിള ഭാഗം മുതൽ വട്ടവിള ഭാഗംവരെ ഇന്റർലോക്ക് പാകിയെങ്കിൽ മാത്രമേ ശാശ്വതമായി നിലനിൽക്കുകയുള്ളൂ.