കൊല്ലം: ചവറ കെ.എം.എം.എല്ലിലെ മലിനീകരണം മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന ചിറ്റൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അടിയന്തരമായി സർക്കാർ ഏറ്റെടുക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. 183 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഉടമസ്ഥർ സമ്മതപത്രവും കൈമാറി. എന്നാൽ ഏറ്റെടുക്കൽ വൈകുകയാണ്. ഇതുമൂലം പരിസരവാസികൾ വായു, ജലം, മണ്ണ് മലിനീകരണം മൂലം ചികിത്സയിലാണ്. ശരിയായ നഷ്ടപരിഹാരം നൽകി പുനരധിവാസം ഉറപ്പാക്കുകയാണ് ഏകപരിഹാര മാർഗമെന്നും എം.പി പറഞ്ഞു.