moideenkannu
പ്രതി മൊയ്തീൻകണ്ണ് റാവുത്തർ

കുന്നിക്കോട് : വെട്ടിക്കവല ഗ്രാമപഞ്ചായത്തംഗവും സി.പി.എം കുന്നിക്കോട് ഏരിയാ കമ്മിറ്റിയംഗവുമായ എസ്.ഷാനവാസ് ഖാന് നേരെ അക്രമം. ചക്കുവരയ്ക്കൽ തെങ്ങിൻകോട് റജീന മൻസിലിൽ ഷംസുദ്ദീൻ മകൻ ഷാനവാസ് ഖാനിനാണ് പരിക്കേറ്റത്. മുഖത്തും തലയ്ക്കും നെഞ്ചത്തും പരിക്കേറ്റ ഷാനവാസ് ഖാൻ ചെങ്ങമനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ കുന്നിക്കോട് പൊലീസ് പിടികൂടി. തലച്ചിറ കള്ളിത്തല പാറവിള പുത്തൻ വീട്ടിൽ ഷാഹുൽഹമീദ് മകൻ മൊയ്തീൻകണ്ണ് റാവുത്തറിനെയാണ് (61) കുന്നിക്കോട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ ഷാനവാസ് ഖാൻ തലച്ചിറ ഭാഗത്തേക്ക് വരുമ്പോൾ കനാലിന്റെ സമീപംവച്ച് കൈയിൽ കത്തിയുമായി പ്രതി ഇരുചക്രവാഹനത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. പ്രതി ഇരുചക്രവാഹനം തള്ളി നിലത്തിട്ട ശേഷം ഷാനവാസ് ഖാനെ ആക്രമിക്കുകയായിരുന്നു.

ഗ്രാമപഞ്ചായത്തംഗത്തിനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ഓടിവന്ന പ്രദേശവാസികളെ കത്തിവീശിയും കല്ലെറിഞ്ഞും ഭീക്ഷണി മുഴക്കിയും ഭയപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു. മൊയ്തീൻകണ്ണ് നിരവധി കേസുകളിലെ പ്രതിയാണ്. പൊതുജനങ്ങളെ ശല്യം ചെയ്യുന്നത് ഷാനവാസ് ഖാൻ ചോദ്യം ചെയ്ത വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ആശുത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാനവാസ് ഖാനെ സി.പി.എം കുന്നിക്കോട് ഏരിയ സെക്രട്ടറി മുഹമ്മദ് അസ്‌ലം, വെട്ടിക്കവല ബ്ലോക്ക് പ്രസിഡന്റ് കെ.ഹർഷകുമാർ, അഡ്വ.ഷൈൻ പ്രദ, എം.അനോജ് കുമാർ, കെ.ചന്ദ്രപ്രകാശ് തുടങ്ങിയവർ സന്ദർശിച്ചു. സംഭവം നടന്ന പൊലീസ് അതിർത്തിയിൽ മാറ്റം വന്നതോടെ കുന്നിക്കോട് പൊലീസ് പ്രതിയെ കൊട്ടാരക്കര പൊലീസിന് കൈമാറി. ശേഷം അറസ്റ്റ് രേഖപ്പെടുത്തി.