 
കരുനാഗപ്പള്ളി : ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനായ മാവേലിക്കര കണ്ടിയൂർ കടവിൽ പുതുതായി സ്ഥാപിച്ച മോട്ടോറും ട്രാൻഫോമറും 31ന് കമ്മിഷൻ ചെയ്യും. ഓച്ചിറ, ക്ലാപ്പന, ആലപ്പാട് ഗ്രാമപഞ്ചായത്തുകളും കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വെള്ളത്തിന്റെ പമ്പിംഗ് 10 ദശലക്ഷം ലിറ്ററിൽ നിന്ന് 15 ദശലക്ഷമായി ഉയരും. റോ വാട്ടർ പമ്പ് ഹൗസും ട്രാൻസ്‌ഫോമറും കാലപ്പഴക്കം കൊണ്ട് കാര്യക്ഷമത കുറഞ്ഞതുകാരണം വെള്ളത്തിന്റെ ലഭ്യത കുറഞ്ഞിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് 1.25 കോടി ചെലവഴിച്ച് പുതിയ പദ്ധതിക്ക് കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചത്. ഇതുകൂടാതെ എക്‌സ് ക്ളൂസീവ് കേബിൾ സിസ്റ്റത്തിന് 80.2ലക്ഷം രൂപയും വകയിരുത്തി. 300 കുതിര ശക്തിയുള്ള രണ്ട് പമ്പ് സെറ്റും 630 കെ.വി യുടെ ട്രാൻസ്‌ഫോമറുമാണ് പുതിയതായി സ്ഥാപിക്കുന്നത്. ഇലക്ട്രിസിറ്റി സബ്സ്റ്റേഷനിൽ നിന്ന് പമ്പ് ഹൗസിലേക്ക് വൈദ്യുതി നേരിട്ട് എത്തിക്കാനുള്ള ഫീഡർ ലൈൻ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഈ സംവിധാനങ്ങൾ പൂർണ്ണമായും നിലവിൽ വരുന്നതോടെ വൈദ്യുതി തടസം ഉണ്ടായാൽ പോലും പമ്പിംഗിന് തടസമാകില്ല. സി.ആർ. മഹേഷ് എം.എൽ.എ കഴിഞ്ഞ ദിവസം കണ്ടിയൂർ കടവിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ മുഹമ്മദ് റാഷിദ്. അസി.
എൻജിനീയർ ശ്രീകുമാർ എന്നിവരും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.