കൊല്ലം: വൃക്ക രോഗിയെ ആക്രമിച്ച സംഭവത്തിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കുരീപ്പുഴ സ്വദേശി പ്രകാശ് കുമാറിനെ പരിക്കേൽപ്പിച്ച സംഭവത്തിലാണ് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി.ആർ. കാർത്തിക ഉത്തരവായത്.
ജനുവരി 20ന് കുരുമ്പിലമൂട് ജംഗ്ഷനിൽ വച്ച് ബൈക്കിലെത്തിയ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ രക്ഷിക്കാനെത്തിയ സഹോദരി പുത്രി പ്രീജകുമാരിയെയും സംഘം മർദ്ദിച്ചു. എന്നാൽ പ്രീജകുമാരിയുടെ മൊഴി രേഖപ്പെടുത്താതെ അഞ്ചാലുംമൂട് പൊലീസ് പ്രതികൾക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയത്.
പ്രതികളായ രഞ്ജിത്ത്, വൈശേന്ദ്രബാബു, രാജേഷ്, രാഹുൽ, ആരോമൽ എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. തുടർന്ന് കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് ഹർജി നൽകി. എന്നാൽ കോടതി ഹർജി പരിഗണിക്കാനിരുന്ന ദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ പ്രീജകുമാരിയുടെ വ്യാജ മൊഴിയും രേഖപ്പെടുത്തി.
വധശ്രമമാണ് നടന്നതെന്നും പ്രതികൾ പ്രീജകുമാരിയുടെ 5 പവന്റെ മാല കവർന്നെന്നും കൃത്രിമ മൊഴികളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതെന്നും കാട്ടിയാണ് പ്രകാശ് ഹർജി നൽകിയത്. പ്രകാശിന് വേണ്ടി അഡ്വ. ധീരജ് രവി കോടതിയിൽ ഹാജരായി.