കൊല്ലം: വിൽപ്പനയ്ക്ക് എത്തിച്ച അരക്കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവറായ കല്ലുവാതുക്കൽ വരിഞ്ഞം മണികണ്ഠ വിലാസത്തിൽ മണികണ്ഠനെ (36) പാരിപ്പള്ളി പൊലീസ് പി​ടി​കൂടി​.

ഇയാൾ ഓട്ടോയിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തുന്നുവെന്ന് ജില്ലാ പൊലീസ്‌ മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വരിഞ്ഞംപേഴുംകാട് ചാവരുകാവ് അമ്പലത്തിന് സമീപം പ്രായപൂർത്തിയെത്താത്ത കുട്ടിക്ക് കഞ്ചാവ് കൈമാറുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഓട്ടോയുടെ ഡാഷ്‌ബോർഡിൽ നിന്നു 550 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാരിപ്പള്ളി​ ഇൻസ്‌പെക്ടർ എ.അൽജബറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയിംസ്, പ്രദീപ്കുമാർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ശ്രീകുമാർ, സി.പി.ഒ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.