കൊല്ലം: പാലിൽ നിന്നുള്ള മുല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ക്ഷീരകർഷകർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ. നെടുമൺകാവ് സുരഭി ഓഡിറ്റോറിയത്തിൽ നടന്ന ക്ഷീരസംഘം ജീവനക്കാരുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി നൽകുന്ന പദ്ധതിയുടെ വിതരണം ചടങ്ങിൽ പ്രസിഡന്റ് നിർവഹിച്ചു. 65 ലക്ഷം രൂപയാണ് പ്രോജക്ടിനായി ഈ വർഷം ചെലവഴിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് സൗജന്യമായി കറവപ്പശുക്കളെ വിതരണം ചെയ്തതിന് ജില്ലാ പഞ്ചായത്ത് കാമധേനു ക്ഷീരസാന്ത്വനം പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും ക്ഷീരമേഖലയിൽ തുടർവർഷങ്ങളിൽ കൂടുതൽ നൂതന പദ്ധതികൾ പ്രവാസികൾക്കുൾപ്പെടെ ആവിഷ്‌കരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് എം. അദ്ധ്യക്ഷത വഹിച്ചു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ, വൈസ് പ്രസിഡന്റ് എം. ഓമനക്കുട്ടൻ പിള്ള, ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.