കൊല്ലം: ക്ഷേത്രോത്സവത്തിനിടെ ഭാര്യയെ ശല്യം ചെയ്തതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ പേരിൽ വീട്ടിൽകയറി ഗൃഹനാഥനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ നാലു പെരെ കിളികൊല്ലൂർ പൊലീസ് ഒളിത്താവളങ്ങളിൽ നിന്നു അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കരിക്കോട് ഐശ്വര്യാനഗർ 18 ജിച്ചു വിലാസത്തിൽ ലിഞ്ചു തങ്കച്ചൻ (റോയ്-35), കൊറ്റങ്കര വയലിൽ പുത്തൻവീട്ടിൽ രാജീവ് (പട്ടര് രാജീവ് -26), ചന്ദനത്തോപ്പ് പത്തായക്കല്ല് വയലിൽ പുത്തൻവീട്ടിൽ ആഷിക് ജീവൻ (26), തട്ടാർ കോണം കൽക്കുളം ക്ഷേത്രത്തിന് സമീപം പ്രശാന്തി വീട്ടിൽ ശ്രീകാന്ത് (39) എന്നിവരാണ് പിടിയിലായത്.

19ന് രാത്രിയിലായിരുന്നു സംഭവം. ചാത്തിനാംകുളം കുരുനാമണി ക്ഷേത്രത്തിന് സമീപം അമ്പിളി ഭവനിൽ ജയകുമാറിനെയാണ് (5l) മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. കുരുനാമണി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നൃത്തം ചെയ്യുന്നതിനിടെ, വെട്ടേറ്റയാളുടെ ഭാര്യയെ സംഘം ശല്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കിളികൊല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യത്താൽ ബൈക്കുകളിൽ മാരകായുധങ്ങളുമായിയ സംഘം ജയകുമാറിനെ വീട്ടുകാരുടെ മുന്നിലിട്ട് തലങ്ങും വിലങ്ങും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജയകുമാറിനെ കിളികൊല്ലൂർ പൊലീസും, കൺട്രോൾ റൂം പൊലീസും ചേർന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ജയകുമാർ അപകടനില തരണം ചെയ്തിതിട്ടില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ എ.സി.പി വിജയകുമാറിന്റെ മേൽനോട്ടത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതിയായ റോയിയെ സിനിമാ സ്റ്റൈലിൽ കാർ ചേസിംഗിലൂടെ പിടികൂടി. റോയിക്കെതിരെ 28 കേസുകൾ നിലവിലുണ്ട്. പട്ടരു രാജീവിന്റെ പേരിൽ 12 കേസുകളുണ്ട്. പ്രതികൾ പരവൂർ, കൊട്ടാരക്കര, മങ്ങാട്, കണ്ണനല്ലൂർ, പാലക്കാട്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. സിറ്റിസൈബർ സെല്ലിന്റെ സഹായത്തോടെ നൂറുകണക്കിന് മൊബൈൽ ടവറുകളും അഞ്ഞൂറോളം നിരീക്ഷണ കാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ വലയിലാക്കിയത്. കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ജയൻ സക്കറിയ, താഹാ കോയ, സന്തോഷ്, എ.എസ്.ഐമാരായ സുനിൽ, പ്രകാശ് ചന്ദ്രൻ, സി.പി.ഒമാരായ സാജ്, അനീഷ്, ഷാജി, സുധീർ, ദീപു ഡേവിഡ്, സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.