photo

പോരുവഴി: ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവം നാളെ നടക്കും. മീനത്തിലെ ആദ്യ വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ചയായ നാളെ മലക്കുട മഹോത്സവത്തോട് കൂടി സമാപിക്കും. രാവിലെ 5 ന് മലയുണർത്തൽ, 5.15 ന് സ്വർണ്ണക്കൊടി ദർശനം, 8 മുതൽ ഭാഗവത പാരായണം, വൈകിട്ട് 3 ന് ഭഗവതി എഴുന്നള്ളത്ത് ഗുരുക്കൾശ്ശേരി കൊട്ടാരത്തിൽ നിന്ന് പുറപ്പെടും. 3.30 ന് കച്ചകെട്ട് കടുത്താംശ്ശേരി കൊട്ടാരത്തിൽ നടക്കും. 4 ന് മലക്കുട എഴുന്നള്ളത്തും കെട്ടുകാഴ്ചയും നടക്കും. കരക്കെട്ടായി പനപ്പെട്ടി, കമ്പലടി , പള്ളിമുറി, നടുവിലേ മുറി, വടക്കേമുറി, അമ്പലത്തുംഭാഗം എന്നീ കരകളിൽ നിന്ന് കൂറ്റൻ എടുപ്പു കുതിരകളും ഇടയ്ക്കാട് കരയിൽ നിന്ന് വലിയ എടുപ്പു കാളയും കൂടാതെ ചെറുതും വലുതുമായ നൂറു കണക്കിന് കെട്ടുകാഴ്ചകളും വർണ്ണശബളമായ മലക്കുട മഹോത്സവത്തിന് പകിട്ടേകും. വൈകിട്ട് 6 ന് സന്ധ്യാ സേവ, രാത്രി 8 ന് തൂക്കം 8.30 ന് ചലച്ചിത്ര താരം ആശാശരത്തും സംഘവും നയിക്കുന്ന നൃത്തസന്ധ്യ, രാത്രി 12 ന് ആൽത്തറയിൽ വായ്ക്കരി പുജ എന്നിവ നടക്കും. ക്ഷേത്രത്തിലെ മുഖ്യ ഊരാളി കൃഷ്ണനും സഹ ഊരാളി രാഘവനും ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.