ks

കൊല്ലം: സിൽവർ ലൈന് പിന്നിൽ ജനതാത്പര്യമല്ല, സാമ്പത്തിക താത്പര്യം മാത്രമേയുള്ളുവെന്ന് ബി.ജെ.പി സംസഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിൽവർ സൈൻ വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

പദ്ധതിക്ക് പിന്നിൽ വലിയ അഴിമതിയുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് ഡീൽ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ എത്രപേർ കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവന്നു. സിൽവർ ലൈൻ യാഥാർത്ഥ്യമായാൽ കേരളം സാമ്പത്തികമായും പാരിസ്ഥിതികമായും തകരും. രണ്ട് പ്രളയങ്ങൾ കേരളം കണ്ടതാണ്. അശാസ്ത്രീയ നിർമ്മാണങ്ങളാണ് പ്രളയം സൃഷ്ടിച്ചത്. വീണ്ടും 9 മീറ്റർ ഉയരത്തിൽ മതിൽ കെട്ടിയാണ് സിൽവർ ലൈൻ പാത വരുന്നത്. ഇത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നം ഗുരുതരമായിരിക്കും. അശാസ്ത്രീയ കടമെടുപ്പ് മൂലം തകരുന്ന ശ്രീലങ്കയുടെ അനുഭവം നമ്മുടെ മുന്നിലുണ്ടെന്നും അദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. സിൽവർ ലൈൻ വിരുദ്ധ ജനകീയ ഐക്യദാർഢ്യ സമിതി ജില്ലാ പ്രസിഡന്റ് രാമാനുജൻ തമ്പി, അഡ്വ. വയയ്ക്കൽ സോമൻ, അഡ്വ. സൈമൺ അലക്സ്, അഡ്വ. വി. വിനോദ് എന്നിവർ സംസാരിച്ചു.