quarry-samaram
കോലിഞ്ചിമലയിലെ പാറക്വാറി പ്രവർത്തിക്കുന്നതിനെതിരേ പ്രദേശവാസികൾ നടത്തിയ പ്രതിഷേധ സമരം

കുന്നിക്കോട് : ഇളമ്പൽ ചീവോട് കോലിഞ്ചിമലയിൽ അധനികൃതമായി പാറക്വാറി പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു. ക്വാറിയിൽ നിന്ന് പാറലോഡുകൾ പുറത്തേക്ക് കൊണ്ടു പോകുന്നത് തടഞ്ഞും കവാടത്തിന്റെ മുന്നിൽ പന്തൽ കെട്ടി പ്ലക്കാർഡ് ഏന്തിയും അടുപ്പുകൂട്ടി കഞ്ഞി വെച്ചുമായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ദിവസം വെളുപ്പിന് അഞ്ച് മണിക്കാണ് പ്രദേശവാസികൾ ക്വാറിയുടെ കവാടത്തിന് മുന്നിലെ സമരപന്തലിൽ സംഘടിച്ചത്. തുടർന്ന് അവർ ക്വാറിയിലേക്കുള്ള പ്രധാന കവാടത്തിന്റെ പാതയിൽ കല്ലുകൾ നിരത്തി വഴിയടച്ചു. ലോറികൾക്ക് ക്വാറിയുടെ പുറത്തേക്ക് പോകാനായില്ല. നേരം വെളുത്തതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കൂടുതൽ ആളുകൾ സമരപന്തലിലേക്ക് എത്തി. പത്ത് മണിയോടെ പ്രദേശവാസികൾ പാറക്വാറിയിലേക്ക് മാർച്ച് നടത്തി. ഇതേ സമയം വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ പ്രദേശവാസികൾ ക്വാറിക്കെതിരെ നൽകിയ പരാതി അന്വേഷിക്കാനെത്തി.

വിവരം അറിയിച്ചതിനെ തുടർന്ന് കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി പ്രദേശവാസികളെ അനുനയിപ്പിക്കുന്നതിനിടെ ക്വാറി ഉടമ കോലിഞ്ചിമല സംരക്ഷണ സമിതിയംഗങ്ങളായ മൂന്ന് പേർക്കെതിരെ പരാതിയുമായി രംഗത്തുവന്നു. വാക്കേറ്റത്തിനെ തുടർന്ന് ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

പ്രദേശവാസികളിലെ ചിലർ പാറക്വാറിയുടെ പ്രവർത്തനം അനാവശ്യമായി തടസപ്പെടുത്തുന്നുവെന്നാണ് ക്വാറിയുടമ നൽകിയ പരാതി. അനധികൃതമായി ക്രഷർ പ്രവർത്തിപ്പിക്കുന്നതും അനുമതി നേടാതെ കുഴൽ കിണർ കുഴിച്ചത് തടഞ്ഞതുമാണ് പരാതിക്ക് കാരണമെന്ന് പ്രദേശവാസികൾ ബോധിപ്പിച്ചു. കൂടാതെ ക്വാറി നടത്തിപ്പുകാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പത്തോളം പേർ പരാതി നൽകി. തുടർന്ന് ഇരു കൂട്ടരെയും താക്കീത് ചെയ്ത് കുന്നിക്കോട് പൊലീസ് വിട്ടയച്ചു.