photo
നിലം നികത്താനായി ഇറക്കിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടം

കരുനാഗപ്പള്ളി: വേനൽ കനത്തതോടെ കരുനാഗപ്പള്ളിയിലെ പല പ്രദേശങ്ങളും കടുത്ത വറുതിയിലാണ്. കുടിവെള്ളം കിട്ടാനില്ല. ഒരുകാലത്ത് തണ്ണീർത്തടങ്ങളായിരുന്ന നിലങ്ങൾ കടുത്തവേനലിൽ വറ്റി വരണ്ടു. ഇതോടെ അവയെല്ലാം നികത്തിയെടുക്കാനുള്ള ശ്രമവും തകൃതിയായി.

ഗ്രാവലും വേസ്റ്റും ഇട്ടാണ് വറ്റി വരണ്ട നിലങ്ങൾ നികത്തിയെടുക്കുന്നത്. റവന്യു ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതിരിക്കാൻ പുലർച്ചെയാണ് നികത്തൽ അധികവും അരങ്ങേറുന്നത്. നിലം നികത്തൽ വ്യാപകമായതോടെ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ രാത്രി പരിശോധന കർശനമാക്കിയിരുന്നു. ഇതിനെ മറികടക്കാനാണ് അതിരാവിലെയുള്ള നിലംനികത്തൽ. നേരം പുലരും മുമ്പ് ഗ്രാവലിട്ട് നിലം പൂർണ്ണമായും നികത്തുകയും ചെയ്യും.

ആദ്യംകെട്ടിമറയ്ക്കും

പിന്നെ,​ വെട്ടിനിരത്തും

ഉദ്യോഗസ്ഥർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ നികത്തലുകാർ പുതിയ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്. നികത്താൻ ഉദ്ദേശിക്കുന്ന നിലം ആദ്യം പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് വേലി കെട്ടി മറച്ച് ഗേറ്റ് സ്ഥാപിക്കും. തുടർന്ന് രാത്രിയുടെ മറവിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ടിപ്പർ ലോറികളിൽ ഗ്രാവൽ എത്തിച്ച് ഗേറ്റ് പൂട്ടും. ദിവസങ്ങൾക്ക് ശേഷം വിശ്വസ്തരായ തൊഴിലാളികളെ ഉപയോഗിച്ച് ഗ്രാവൽ നിരത്തും.

ദേശീപാത വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയത് നിലം നികത്തുകാ‌ർക്ക് വലിയ ഗുണമായിരിക്കുകയാണ്. അവിടന്നുള്ള കെട്ടിട്ടാവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് മുണ്ടകപ്പാടം ഉൾപ്പെടെയുള്ള നിലങ്ങൾ നികത്തുന്നത്. ഗ്രാവലിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഇവ ലഭിക്കുകയും ചെയ്യും.

പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ട് മറച്ചതിനാൽ പരിസര വാസികൾ ഇതൊന്നും അറിയുകയുമില്ല. ഇത്തരത്തിൽ സാവകാശത്തിൽ നിലങ്ങൾ നികത്തുന്ന രീതിയാണുള്ളത്. റവന്യു ഉദ്യോഗസ്ഥർ അറിഞ്ഞെത്തുമ്പോൾ നിലങ്ങൾ പൂർണ്ണമായും നികത്തി തെങ്ങിൻ തൈകളും നട്ടിരിക്കും.

തുടർന്നുള്ള നിയമ നടപടികൾ അവസാനിക്കാൻ വർഷങ്ങൾ തന്നെ വേണ്ടി വരും. അപ്പോഴേക്കും തെങ്ങ് കായ്ച്ചു തുടങ്ങും. പിന്നീട് ഡേറ്രാ ബാങ്കിൽ നിന്ന് നിലം പുരയിടമാക്കി മാറ്രാൻ നിഷ് പ്രയാസം സാധിക്കുകയും ചെയ്യും.