കൊല്ലം: പരാതിക്കാരനെ മർദ്ദിച്ച കേസിൽ സി.ഐയെ സംരക്ഷിക്കാൻ മനുഷ്യാവകാശ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് സമർപ്പിച്ച കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ അന്വേഷണം വേണമെന്ന് കമ്മിഷൻ. റിപ്പോർട്ട് കമ്മിഷനോടുള്ള അനാദരവും ഉദ്യോഗസ്ഥരുടെ കർത്തവ്യ ലംഘനവുമാണെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. തെൻമല ഉറുകുന്ന് സ്വദേശി കെ. രാജീവ് നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. ബന്ധുവിനെതിരെ തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നപ്പോൾ രാജീവിനെ തെന്മല സി.ഐ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തെന്നാണ് പരാതി. എന്നാൽ, റൂറൽ എസ്.പിയുടെ റിപ്പോർട്ടിൽ തെന്മല സി.ഐയെ പരാതിക്കാരൻ അപമാനിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പറയുന്നു. സി.ഐയോട് ഹാജരാകാൻ കമ്മിഷൻ നോട്ടീസയച്ചെങ്കിലും സസ്പെൻഷനിലാണെന്ന് അറിയിച്ചു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് കൊല്ലം ക്രൈം റെക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി, റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പരാതിക്കാരൻ സംഘടിപ്പിച്ച് കമ്മിഷനിൽ സമർപ്പിച്ചു. ആ റിപ്പോർട്ടിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് റൂറൽ എസ്.പി കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സിറ്റിംഗ് ഇന്ന്
കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് രാവിലെ 10.30ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.