photo
പുത്തൂർ പാങ്ങോട് പുത്തൂർ പാങ്ങോട് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് മെഡിക്കൽ കോളേജിന് (എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ്) ലഭിച്ച എൻ.എ.ബി.എച്ച് അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് അനാച്ഛാദന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജീറിയാട്രിക് പോപ്പുലേഷൻ കൂടുന്ന സംസ്ഥാനമായി കേരളം മാറുന്നുവെന്നും സംസ്ഥാനത്തിന് പ്രായം കൂടിവരുന്നുവെന്ന് പറയേണ്ട സാഹചര്യമായെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പ്രസ്താവിച്ചു. പുത്തൂർ പാങ്ങോട് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് മെഡിക്കൽ കോളേജിന് (എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ്) ലഭിച്ച എൻ.എ.ബി.എച്ച് അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് അനാച്ഛാദനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പതിനാറര ശതമാനമാണ് കേരളത്തിലെ ജീറിയാട്രിക് പോപ്പുലേഷൻ. നന്നായി പഠിക്കുന്ന കുട്ടികൾ മറ്റ് രാജ്യങ്ങളിൽ പഠിക്കാനായി പോവുകയും പിന്നീട് അവിടെ ജോലിതേടി സ്ഥിര താമസമാവുകയുമാണ്. യുക്രെയിൻ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടുതൽ കുട്ടികൾ മറ്റ് രാജ്യങ്ങളിൽ പഠിക്കുന്നുവെന്നതിന്റെ കണക്കുകൾ ശ്രദ്ധിക്കപ്പെട്ടത്. മക്കൾ വിദേശ രാജ്യങ്ങളിൽ താമസമുറപ്പിക്കുമ്പോൾ കേരളത്തിൽ പ്രായമായവർ മാത്രമുള്ള വീടുകളെന്ന സ്ഥിതിയായി മാറുകയാണ്. നമുക്ക് നമ്മുടെ നാട്ടിൽ ഈ പുതുതലമുറയെ പിടിച്ചുനിറുത്തണം. അതിന് ഉത്പാദനവും സൗകര്യവും വരുമാനവും വർദ്ധിക്കണം. ലോകത്തിലെ ഏറ്രവും വിലയേറിയ ആയുർവേദ അറിവും അതിന് വേണ്ട ചെടികളും നമുക്കുണ്ട്. ഇത് ഉത്പന്നങ്ങളായി മാറുകയും അത് മാർക്കറ്റിലെത്തുകയും വേണം. പരിസ്ഥിതിയ്ക്കും ആരോഗ്യത്തിനും പ്രധാനമായ ആയുർവേദത്തിന് കാര്യമായ ശ്രദ്ധവേണ്ട കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.