ചാത്തന്നൂർ: ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാതെ, സി.പി.ഐ അംഗമായ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചിറക്കര ഗ്രാമപഞ്ചായത്തിൽ നടക്കുന്ന സി.പി.ഐ- സി.പി.എം പോര് പുറത്തേക്കും വ്യാപിക്കുന്നു

സി.പി.എമ്മുകാരിയായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വാർഡിലെ അങ്കണവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് കമ്മി​​റ്റിയും അങ്കണവാടി അദ്ധ്യാപികയും ഹെൽപ്പറും അറിയാതെ സി.പി.എം നടത്തിയെന്നാണ് പരാതി. ഉദ്ഘാടന പരിപാടിയിൽ നിന്ന്‌ ​സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും ചിറക്കര പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെ ബഹുഭൂരിപക്ഷവും വിട്ടുനിന്നു.

കഴിഞ്ഞ പഞ്ചായത്ത് കമ്മി​​റ്റിയിൽ സി.പി.എം മുൻ ഭരണസമിതിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ചിറക്കരയിലെ പി.എച്ച്.സി കെട്ടിടം പണിയുന്ന സ്ഥലത്തെ അനധികൃത മണ്ണെടുപ്പ് വിഷയം വിജിലൻസ് അന്വേഷിക്കണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ അഭിപ്രായത്തെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പിന്തുണച്ചു. വിജിലൻസ് അന്വേഷണത്തിന് തീരുമാനം എടുക്കുകയും ചെയ്തു.
നിയമന വിഷയത്തിലും പോളച്ചിറ വിഷയത്തിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മണ്ണെടുപ്പ് വിഷയത്തിലും സി.പി.എമ്മിനെതിരായ നിലപാടാണ് പഞ്ചായത്ത് പ്രസിഡന്റും സ്വതന്ത്റനായ വൈസ് പ്രസിഡന്റും സ്വീകരിച്ചത്.