ചാത്തന്നൂർ. ഭൂരഹിത ഭവന രഹിതരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പ്രാമുഖ്യം നല്കി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് . രണ്ടായിരത്തോളം പേരാണ് ഭവന രഹിതരായി പഞ്ചായത്തിലുള്ളത്. സ്വയം പര്യാപ്തമായ കല്ലുവാതുക്കൽ എന്ന സ്വപ്നമാണ് ലക്ഷ്യമിടുന്നതെന്ന് ബഡ്ജറ്റ് അവതരിപ്പിച്ച വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ വ്യക്തമാക്കി.
ജില്ലയിൽ ബിജെപി ഭരണം നടത്തുന്ന ഏക ഗ്രാമ പഞ്ചായത്തായ കല്ലുവാതുക്കലിൽ 68.98 കോടി വരവും 64.54 കോടി ചെലവും 4. 43 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കൃഷി, മൃഗസംരക്ഷണം എന്നിവ ഒരു കുടുംബത്തിന്റെ വരുമാന മാർഗ്ഗമാക്കി മാറ്റി ജീവിതം സുരക്ഷിതമാക്കാനുള്ള പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ്ണ കുടിവെള്ള പദ്ധതി, പട്ടികജാതി ക്ഷേമം, മാലിന്യനിർമ്മാർജ്ജനം, വയോജന ക്ഷേമം,വാതിൽപ്പടിസേവനം, കായികേക്ഷേമം, യുവജനക്ഷേമം തുടങ്ങിയ പദ്ധതികളും ബഡ്ജറ്റിലുണ്ട്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അധ്യക്ഷയായിരുന്നു. ചർച്ചയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പ്രദീഷ് കുമാർ, എൻ. ശാന്തിനി, സുഭദ്രാമ്മ, ദീപ, രജിതകുമാരി, അജയകുമാർ, സെക്രട്ടറി ബിജു ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.