കൊല്ലം: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയ യുവാവ് പിടിയിലായി. കരുനാഗപ്പള്ളി ആലപ്പാട് ആലംകടവ് താന്നിക്കൽ വീട്ടിൽ മിൻഹാജാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
പ്ലസ് ടു വിദ്യാർത്ഥിനിയെ സ്‌നേഹം നടിച്ച് മിൻഹാജ് നിരന്തരം പിന്തുടർന്ന് വരുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വിശ്വാസവും സ്‌നേഹവും പിടിച്ചുപറ്റി വിവാഹ വാഗ്ദാനം നൽകി. പിന്നീട് മാതാപിതാക്കൾ അറിയാതെ മൊബൈൽ ഫോണും വാങ്ങി നൽകി. പെൺകുട്ടി രഹസ്യമായി സൂക്ഷിച്ച മൊബൈലിലൂടെ നിരന്തരം പ്രലോഭിപ്പിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവിന്റെ പരാതിയിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകുന്ന വഴി പാലക്കാട് മണ്ണാർകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മണ്ണാർകാട് പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കിളികൊല്ലൂർ പൊലീസ് പിടികൂടുകയായിരുന്നു.