കൊല്ലം: അഭ്യസ്തവിദ്യരെ ഉൾപ്പെടുത്തി കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുമെന്ന് മന്ത്റി വീണാജോർജ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം രണ്ടാംഘട്ട പദ്ധതിയിൽ പൊതു വിഭാഗത്തിലെ 100 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവ് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്റി.
നവ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ പ്രസ്താവന കഴിഞ്ഞ ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ആവശ്യമായ ഇടപെടലുകൾ നടത്തി വരുംവർഷങ്ങളിൽ ഇത്തരം ഒരു സമൂഹമാക്കി സംസ്ഥാനത്തെ വാർത്തെടുക്കുമെന്നും മന്ത്രി പറഞ്ഞു.ബി.എസ് സി നഴ്‌സിംഗ് പാസായ ഉദ്യോഗാർത്ഥികൾക്ക് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രണ്ടുവർഷം അപ്രന്റിസ്ഷിപ്പ് നിയമനം നൽകുന്ന പദ്ധതിയാണ് മാലാഖക്കൂട്ടം. പദ്ധതിയുടെ ആദ്യഘട്ടമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 100 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. ജനറൽ നഴ്‌സിംഗ് കഴിഞ്ഞവർക്ക് 12,500 രൂപയും ബി.എസ് സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് 15,000 രൂപയുമാണ് പ്രതിമാസ വേതനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.കെ.
ഗോപൻ, ജെ. നജീബത്ത്, അനിൽ എസ്.കല്ലേലിഭാഗം, വസന്ത രമേശ്, സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, തുടങ്ങിയവർ പങ്കെടുത്തു.