beenakumari
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനഗം ബീനാ കുമാരി പെരിങ്ങാലം സ്കൂൾ സന്ദർശിക്കുന്നു

കൊല്ലം: കായൽ കടന്നെത്തുന്ന സർവ്വീസ് ബോട്ടിന്റെ സമയം നോക്കി ബെല്ലടിക്കുന്ന

ഒരു സ്കൂൾ കൊല്ലത്തുണ്ട്,​ മൺറോത്തുരുത്തിലെ പെരിങ്ങാലം സർക്കാർ ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കന്ററി സ്കൂളുകളിലെയും അദ്ധ്യായനസമയം രാവിലെ 9 മുതൽ വൈകുന്നേരം 4.45 വരെയാണെങ്കിൽ ഇവിടെ രാവിലെ 9.30നേ ക്ളാസ് തുടങ്ങൂ. അവസാനിക്കുന്നത് 3.25നും! കാരണം,​ ആദ്യ ബോട്ട് പെരിങ്ങാലത്ത് എത്തുന്നതും അവസാന ബോട്ട് തിരിച്ചു പോകുന്നതും ഈ സമയങ്ങളിലാണ്. ദിവസം 10 പീരീഡ് വേണ്ട സ്ഥാനത്ത് ഇവിടത്തെ കുട്ടികൾക്ക് ലഭിക്കുന്നത് 5 ക്ളാസ് മാത്രം. വർഷങ്ങളായി പരിമിതികളിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 350 ഓളം വിദ്യാർത്ഥികളാണുള്ളത്.

കായലാൽ ചുറ്റപ്പെട്ട സ്കൂളിൽ എത്തണമെങ്കിൽ സർവീസ് ബോട്ടിനേയോ വളളങ്ങളെയോ ആശ്രയിക്കണം. മലയിൽ, അരിനല്ലൂർ, കൊന്നയിൽ , പെരിങ്ങാലം കടവുകൾ കടന്നു വേണം സ്കൂളിലെത്താൻ. പെരിങ്ങാലത്ത് നിന്ന് സർവ്വീസ് ബോട്ടുണ്ട്. ബാക്കി കടവുകളിൽ കടത്തുവളളമാണ് ആശ്രയം. കായലിന് കുറുകെ കൊന്നയിൽ കടവിൽ പാലം നിർമ്മിക്കാനുളള ശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഫലം കണ്ടില്ല.

സ്ഥലം പരിമിതം

 പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ക്ളാസുകൾ

 കോൺക്രീറ്റ് ചെയ്ത രണ്ടു മുറികൾ ഒഴികെയെല്ലാം ഷീറ്റ് മേഞ്ഞ പഴയ കെട്ടിടങ്ങൾ

 ഹയർ സെക്കന്ററിക്ക് മാത്രമായി രണ്ട് ക്ളാസ് മുറികൾ

 ഓഫീസ് സ്റ്റാഫിനും പ്രിൻസിപ്പാളിനും13 അദ്ധ്യാപകർക്കുമായി ഒറ്റമുറി

 5 ലാബുകൾ പ്രവർത്തിക്കുന്നത് ഒരു മുറിയിൽ

 ലൈബ്രറിയില്ല,​ പരീക്ഷാനടത്തിപ്പ് അവതാളത്തിൽ

മനുഷ്യാവകാശ കമ്മിഷൻ എത്തി

പെരിങ്ങാലം സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ പരിമിതികൾ കണ്ടറിയാൻ മനുഷ്യാവകാശ കമ്മിഷൻ അംഗം ബീനാ കുമാരി സ്കൂൾ സന്ദർശിച്ചു. സ്കൂൾ പി.ടി. എ കമ്മിഷന് നൽകിയ പരാതിയെ തുടർന്നായിരുന്നു സന്ദർശനം. ഏപ്രിൽ 11ന് നടക്കുന്ന സിറ്റിംഗിൽ വിഷയം പരിഗണിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. അടിയന്തര പ്രാധാന്യത്തോടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു.സ്കൂൾ പ്രിൻസിപ്പാൾ കെ. എസ്. ഗീതാജ്ഞലി, ഹെഡ്മാസ്റ്റർ എം. പുരുഷോത്തമൻ, ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് പെരിങ്ങാലം, പി.ടി.എ പ്രസിഡന്റ് സി. ജെ. ജോസ് എന്നിവരും എത്തിയിരുന്നു.