 
കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ നാടക ശില്പശാലയ്ക്ക് തുടക്കമായി. പ്രസിദ്ധ നാടക കലാകാരി വിജയകുമാരി ഒ.മാധവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമൂഹിക പരിഷ്ക്കരണത്തിന് നിർണ്ണായകമായ സംഭാവന നൽകിയിട്ടുള്ള കലാരൂപമാണ് നാടകം. നാടക പ്രവർത്തകർ ത്യാഗപൂർണ്ണമായ ജീവിതം നയിക്കുന്നവരാണ്. എന്നാൽ, അവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് വിജയകുമാരി പറഞ്ഞു. വെൺപാലക്കര ശാരദാവിലാസിനി വായനശാലയിൽ നടക്കുന്ന ശില്പശാല ഞായറാഴ്ച സമാപിക്കും.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.പി.കെ.ഗോപൻ വിജയകുമാരിയെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ സ്വാഗതം പറഞ്ഞു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ഷൺമുഖദാസ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.സെൽവി, സജിത്ത്, ഷിജു എന്നിവർ സംസാരിച്ചു. തുടർന്ന് ക്യാമ്പ് ഡയറക്ടർ പി.എൻ. മോഹൻരാജ് മോഡറേറ്ററായ ശില്പശാല ഡോ.സാംകുട്ടി പട്ടങ്കരി നയിച്ചു.