കരുനാഗപ്പളളി : സേവന മേഖലയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് കരുനാഗപ്പള്ളി നഗരസഭയുടെ 2022-23 ബഡ്ജറ്റ് നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ അവതരിപ്പിച്ച് പാസാക്കി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ.പി .മീന, ഇന്ദുലേഖ, എൽ. ശ്രീലത, പടിപ്പുര ലത്തീഫ്, വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി ഫൈസൽ സ്വാഗതവും അക്കൗണ്ടന്റ് ഹരികുമാർ നന്ദിയും പറഞ്ഞു. 121.11കോടി രൂപ വരവും 93.55 കോടി ചെലവും 27.55കോടി നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് പാസാക്കിയത്. ഭൂരഹിതർക്ക് ഭൂമി , ലൈഫ് , ഫ്ളാറ്റ് സമുച്ചയം എന്നീ പദ്ധതികൾ നടപ്പിലാക്കുന്നതിന് 24 കോടി, എല്ലാ വീടുകളിലും പ്ലാവ് നട്ട് പിടിപ്പിക്കുന്ന പദ്ധതി, മുട്ട, മത്സ്യം, പാൽ എന്നിവയിൽ സ്വയം പര്യാപ്തത നേടാനുള്ള പദ്ധതികൾ എന്നിവക്ക് തുക വകയിരുത്തി. . കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അമൃത് 2 പദ്ധതി വഴി ശാസ്താംകോട്ടയിൽ നിന്ന് വെള്ളമെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സഹായത്തോടെ 65 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയായി നടപ്പിലാക്കും. സ്റ്റേഡിയം , അറവ് ശാല, കുട്ടികളുടെ പാർക്ക് എന്നിവയ്ക്ക് വസ്തു ഏറ്റെടുക്കും. ഏകീകൃത സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സഞ്ചരിക്കുന്ന എസ്. ടി .പി എന്നിവ സ്ഥാപിക്കും. "നഗരത്തിൽ ഒരു വനം" പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കും. താലൂക്കാശുപത്രി വികസനം, ഗവ. ഹൈസ്കൂൾ വികസനം എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കും. പ്രൈവറ്റ് ബസ് സ്റ്റാന്റിനായി ഏറ്റെടുത്ത സ്ഥലം കോടതി സമുച്ചയത്തിനായി വിട്ടു നൽകി നിലവിലെ മുനിസിപ്പൽ കെട്ടിടം നിൽക്കുന്ന സ്ഥലത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റ് സ്ഥാപിക്കും.