
കൊല്ലം: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ ജില്ലയിൽ 15 ലക്ഷം പേർ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ട്രെയിൻ, ബസ് യാത്രകൾ ഒഴിവാക്കിയും വാഹന ഉടമകൾ വാഹനം നിരത്തിലിറക്കാതെയും സഹകരിക്കണം. വ്യാപാരി വ്യവസായികളും കേന്ദ്രസംസ്ഥാന ജീവനക്കാരും കർഷകരും തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും സമരത്തിൽ പങ്കാളികളാവും. പണിമുടക്കുന്ന തൊഴിലാളികൾ 28ന് പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ ധർണ നടത്തും. 29ന്
വൈകിട്ട് 5 വരെ അവർ സമരകേന്ദ്രത്തിൽ ഉണ്ടാകും. ജില്ലയിൽ 80 കേന്ദ്രങ്ങളിൽ 48 മണിക്കൂർ ധർണ നടത്തും. 27ന് പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തും. അന്ന് തൊഴിലാളികൾ വീടുകളിൽ ദീപം തെളിക്കും.
വാർത്താ സമ്മേളത്തിൽ എസ്. ജയമോഹൻ (സി.ഐ.ടി. യു), ജി. ബാബു (എ.ഐ.ടി.യു.സി) എ.കെ ഹഫീസ് (ഐ.എൻ.ടി.യു.സി), ടി.സി. വിജയൻ (യു.ടി.യു.സി), ചക്കാലയിൽ നാസർ (എസ്.ടി.യു), സുരേഷ് ശർമ്മ (ടി.യു.സി.ഐ), കുരീപ്പുഴ ഷാനവാസ് (കെ.ടി.യു.സി), അജിത്ത് കുരീപ്പുഴ (ടി.യു.സി.സി), ബി. വിനോദ് (എ.ഐ.യു.ടി.യു.സി), രവീന്ദ്രൻ പിള്ള (കെ.ടി.യു.സി), എം. ഗുരുദേവ് (എച്ച്.എം.എസ്), നിർമ്മല (സേവ), മോഹൻലാൽ (എൻ.ടി.യു.ഐ), രാജീവ് (എൻ.എൽ.സി) എന്നിവർ പങ്കെടുത്തു.