photo
വേനലിൽ വിണ്ട്കീറിക്കിടക്കുന്ന പ്ലാച്ചേരി തോട്.

വെള്ളപ്പൊക്കം തടയണം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലൂടെ കടന്ന് പോകുന്ന ചെറു നീർച്ചാലുകളും തഴത്തോടുകളും തണ്ണീർത്തടങ്ങളും കാലവർഷമെത്തും മുമ്പ് ആഴം കൂട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൺസൂൺ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ആഴം കൂട്ടിയെങ്കിൽ മാത്രമേ വെള്ളപ്പൊക്കത്തിൽ നിന്ന് താഴ്ന്ന പ്രദേശങ്ങളെ പൂർണമായും സംരക്ഷിക്കാൻ കഴിയൂ. വർഷങ്ങളായി തോടുകൾ ആഴം കൂട്ടി സംരക്ഷിക്കുന്ന പദ്ധതികൾ ഭാഗികമായി മാത്രമാണ് നടക്കുന്നത്. വേനൽ കടുത്തതോടെ തോടുകളും നീർച്ചാലുകളും കുളങ്ങളും വറ്റി വരണ്ട് തുടങ്ങി.

നഗരസഭാ അധികൃതർ ഇടപെടണം

ഇപ്പോൾ തോടുകളിലും നീർച്ചാലുകളിലും കുന്ന് കൂടി കിടക്കുന്ന മൺ കൂനകളും മറ്ര് മാലിന്യങ്ങളും എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും. തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പുരുഷ തൊഴിലാളികളെയും മണ്ണ് നീക്കാൻ നിയോഗിക്കണം. ജലാശയങ്ങളുടെ ജലപ്പരപ്പിന് മീതേ കിടക്കുന്ന മാലിന്യങ്ങൾ മാത്രമാണ് മുമ്പൊക്കെ നീക്കം ചെയ്തിരുന്നത്. അതുകൊണ്ട് വെള്ളപ്പൊക്കം ഉണ്ടാകുന്നത് പതിവായി. വേനൽ മഴ ആരംഭിക്കുകയും കടലിൽ ശക്തമായ വേലിയേറ്റം അനുഭവപ്പെടുകയും ചെയ്താൽ തോടുകളിലും നീർച്ചാലുകളിലും വെള്ളം ഒഴുകി എത്തി തുടങ്ങും. ഇതിന് മുമ്പായി തോടുകളുടെ ആഴം കൂട്ടുന്നതിനുള്ള നടപടികൾ നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.