കൊട്ടാരക്കര: വെണ്ടാർ മനക്കരക്കാവ് മണ്ഡപത്തിന് ശാപമോക്ഷം. പൊട്ടിയ ഓടുകളും മേൽക്കൂരയും മാറ്റി മണ്ഡപം വീണ്ടും തലയുയർത്തുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുളക്കട ഗ്രാമ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 2 ലക്ഷം രൂപ ഉപയോഗിച്ചാണ് മണ്ഡപത്തിന്റെ നവീകരണം. പുത്തൂർ- കൊട്ടാരക്കര റോഡരികിലെ മനക്കരക്കാവ് ജംഗ്ഷനിലായി നിലനിൽക്കുന്ന പഴമയുടെ ഈ വഴിയമ്പലം മേൽക്കൂര മാറ്റുന്നതോടെ പഴയ പ്രൗഢിയിലേക്കെത്തും. നൂറ്റാണ്ടുകളുടെ പെരുമയുള്ള മണ്ഡപം കുളക്കട ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണെങ്കിലും സമീപത്തെ ഇണ്ടിളയപ്പൻ ക്ഷേത്ര ആചാരങ്ങളുടെയും ഭാഗമാണ്. മണ്ഡപത്തിന്റെ മേൽക്കൂരയ്ക്ക് ബലക്ഷയം സംഭവിച്ചിട്ട് നാല് വർഷം പിന്നിടുന്നു. ഓടുകൾ ഇളകി മാറി, ചിലത് തറയിൽ വീണ് പൊട്ടി. മേൽക്കൂര നിലംപൊത്താതിരിക്കാൻ ചെറിയ കമ്പുകൾകൊണ്ട് താങ്ങ് കൊടുത്തിരുന്നതാണ്. മണ്ഡപത്തിന്റെ ദുരിതാവസ്ഥ 'നിലംപൊത്താറായി മനക്കരക്കാവ് മണ്ഡപം' എന്ന തലക്കെട്ടോടെ കഴിഞ്ഞ ആഗസ്റ്റ് 27ന് കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. അതോടെ നാടിന്റെ സാംസ്കാരിക മനസ് ഉണർന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഇപ്പോൾ കുളക്കട ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്താണ് മണ്ഡപത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്.

പഴമ മാറി

മണ്ഡപത്തിന്റെ മേൽക്കൂര പുനർ നിർമ്മിച്ചപ്പോൾ പഴയ തടികളെല്ലാം നീക്കം ചെയ്തു. ജി.ഐ പൈപ്പുകൾ കൊണ്ടാണ് പുതുമയുടെ മേൽക്കൂര തീർക്കുന്നത്. നാട്ടുകാർക്ക് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്. പൈപ്പുകൊണ്ട് മേൽക്കൂര നിർമ്മിച്ച ശേഷം ഓട് മേയാനാണ് നീക്കം. ഇരിക്കുന്ന ഭാഗം ഗ്രാനൈറ്റ് ഇടും. ചെറു തിണ്ണ ഇന്റർലോക്ക് ഇടുകയും ചെയ്യും.

കാലത്തെ പിന്നിലാക്കിയ വഴിയമ്പലങ്ങൾ

പുത്തൂർ മേഖലയിൽ നിരവധി വഴിയമ്പലങ്ങളുണ്ട്. രാജഭരണകാലത്തിന്റെ തിരുശേഷിപ്പുകളാണ് മിക്കവയും. നാട്ടുകൂട്ടങ്ങൾ കൂടിയിരുന്നത് ഈ മണ്ഡപങ്ങളിലാണ്. വാഹനങ്ങൾ ഇല്ലാത്തകാലത്ത് കാതങ്ങൾ കാൽനടയായി സഞ്ചരിച്ചെത്തുന്നവർക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങൾ വലിയ അനുഗ്രഹമായിരുന്നു.

മണ്ഡപം നാടിന്റെ മുഖശ്രീയാണ്. മേൽക്കൂര മാറ്റി ഗ്രാനൈറ്റും ഇന്റർലോക്കുമൊക്കെ ഇട്ട് സുന്ദരമാക്കുവാനാണ് പദ്ധതി. നാടിന്റെ പൂർണ പിന്തുണയുണ്ട്.

ജയകുമാർ,​

വെണ്ടാർ വാർഡ് അംഗം,​

കുളക്കട ഗ്രാമപഞ്ചായത്ത്