കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് വേർതിരിച്ച് സൂക്ഷിച്ചിരുന്ന ഷെഡ് തീപിടിത്തത്തിൽ നശിച്ചു. ഷെഡും ഉപകരണങ്ങളും വേർതിരിച്ച് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കും കത്തിനശിച്ചതിലൂടെ 7,45,000 ഓളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. സംഭവത്തിൽ ഷെഡിന് സാമൂഹ്യവിരുദ്ധർ തീ കൊടുത്തതാണെന്ന് കാട്ടി നിരീക്ഷണകാമറ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള പരാതി ഹാർബർ എൻജിനീയറിംഗ് വിഭാഗം ശക്തികുളങ്ങര പൊലീസിന് നൽകിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു തീപിടിത്തം. ചാമക്കടയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും കെടുത്തിയത്. സമീപത്തെ കുഴൽക്കിണറിനും കേടുപാടുണ്ടായി.