കൊല്ലം: കൊല്ലം നഗരത്തെ ലോക നിലവാരത്തിലേക്ക് ഉയർത്തുക എന്ന സ്വപ്നത്തിനൊപ്പം ശുചിത്വത്തിനും വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി 2022-23 വർഷത്തെ കോർപ്പറേഷൻ ബഡ്ജറ്റ്. 1292.81 കോടി വരവും 1193. 41 കോടി ചെലവും 99.40 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഡെപ്യൂട്ടി മേയർ കൊല്ലം മധു അവതരിപ്പിച്ചത്. മുൻകാല ബഡ്ജറ്റുകളുടെ ആവർത്തനമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

 കുരീപ്പുഴ മാലിന്യ സംസ്കരണ പ്ലാന്റിന് 31.92 കോടി

കുരീപ്പുഴ ചണ്ടിഡിപ്പോയിൽ 70 വർഷമായി കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിച്ച് പൂങ്കാവനമൊരുക്കാൻ ബയോ മൈനിംഗ് നടക്കുകയാണ്. ഇവിടെ ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിനായി 31.92 കോടി വകയിരുത്തി.

 ക്ലോക്ക് ടവർ കേന്ദ്രമാക്കി ടൂറിസം സർക്യൂട്ട്


ചിന്നക്കട ക്ലോക്ക്ടവർ കേന്ദ്രമാക്കി 55 ഡിവിഷനുകളേയും ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതി നടപ്പാക്കും. 23.38 കോടി വകയിരുത്തി

 അഷ്ടമുടിക്കായൽ സംരക്ഷണം

അഷ്ടമുടിക്കായലിന്റെ ഓരത്തെ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നുള്ള സംരക്ഷണ പ്രവർത്തനം തുടരും. ഇതിനായി 54.5 ലക്ഷം നീക്കിവിച്ചു. ഒപ്പം 55 ഡിവിഷനുകളിലെയും കുളങ്ങളുടെ നവീകരണത്തിന് 3.6 കോടി. കൊല്ലം തോട് അഷ്ടമുടി കായലിൽ ചേരുന്നത് വരെ ഇരുവശങ്ങളിലും പാർശ്വഭിത്തി നിർമ്മിക്കാനും സൗന്ദര്യവത്കരണത്തിനും 1.5 കോടി, അഷ്ടമുടിയുടെ തീരത്തെ കടവുകളുടെ സംരക്ഷണത്തിന് ഒരു കോടി. വട്ടക്കായൽ, കട്ടക്കയ്ക്കൽ കായൽ പാർശ്വഭിത്തി നിർമ്മാണം-ഒരു കോടി, കുരീപ്പുഴ - വടക്കേച്ചിറ - തെക്കേച്ചിറ ജലാശയങ്ങൾ സംരക്ഷിക്കാൻ 25 ലക്ഷം.


 ചെറുപ്പക്കാർക്ക് തൊഴിൽ

എൻജിനീയറിംഗ്, നഴ്സിംഗ് കോഴ്സുകൾ പാസായവർക്ക് തൊഴിൽ നൽകുന്ന ദീപങ്ങൾ, സ്കിൽടെക് പദ്ധതികൾ തുടരും. ഇതിനായി 5.9 കോടി.

 സ്ഥിര വെളിച്ചം

കൊച്ചുപിലാംമൂട് മുതൽ താലൂക്ക് കച്ചേരി, റെയിൽവേ സ്റ്റേഷൻ മുതൽ ശങ്കേഴ്‌സ്, നീണ്ടകര മുതൽ മേവറം, ചിന്നക്കട മുതൽ ചന്ദനത്തോപ്പ്, ചിന്നക്കട -കൊച്ചുഡീസന്റുമുക്ക് എന്നിവിടങ്ങളിൽ വെളിച്ചം രാത്രിയിൽ സ്ഥിരമായി വെളിച്ചം ലഭ്യമാക്കാൻ ഒരുകോടി.


 നവോത്ഥാന സദസ്

കോർപ്പറേഷൻ വക ലൈബ്രറികളിലും സ്‌കൂളുകളിലും പ്രമുഖരെ പങ്കെടുപ്പിച്ച് നവോത്ഥാന സദസുകൾ സംഘടിപ്പിക്കാൻ 10 ലക്ഷം

 നാടകോത്സവം

കലാഗ്രാമവുമായി ചേർന്ന് കോർപ്പറേഷൻ ഒരാഴ്ച നീളുന്ന പ്രൊഫഷണൽ നാടകോത്സവം സംഘടിപ്പിക്കും. അംഗീകൃത ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകും. ഇടപ്പളളി, തിരുനെല്ലൂർ, കാക്കനാടൻ, കെ.പി. അപ്പൻ, ഒ.എൻ.വി, ജയപാലപ്പണിക്കർ, തെങ്ങമം ബാലകൃഷ്ണൻ, വി. സാംബശിവൻ, കൊല്ലം ബാബു തുടങ്ങിയവരുടെ സാംസ്‌കാരിക പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്തുന്ന സ്മൃതിദിന സദസുകൾ സംഘടിപ്പിക്കും. ഇവയ്ക്കായി 16 ലക്ഷം.

 സൗജന്യ അത്താഴം

നഗര പരിധിയിൽ ആവശ്യക്കാർക്ക് അത്താഴ ഭക്ഷണം നൽകാൻ സാമൂഹ്യ അടുക്കള ആരംഭിക്കും. അതിനായി 50 ലക്ഷം.

 നൈറ്റ് സ്ട്രീറ്റ്

പ്രധാനതെരുവുകളിൽ രാത്രികാലത്ത് മാത്രം നല്ല ഭക്ഷണം ഒരുക്കി നൽകുന്ന ഇടങ്ങൾ ആരംഭിക്കാൻ ഒരു കോടി വകയിരുത്തി.


 വഴിവാണിഭ തെരുവ്

അങ്കണവാടികൾക്ക് സ്വന്തമായി ഭൂമി വാങ്ങാൻ 2.24 കോടി വകയിരുത്തി. സ്വന്തമായി ഭൂമിയുണ്ടെങ്കിൽ കെട്ടിടങ്ങൾ നിർമ്മിച്ച് ഹൈടെക് അങ്കണവാടികളാക്കും.

 ജിംനേഷ്യം

യുവാക്കൾക്കും യുവതികൾക്കും കായികക്ഷമത ഉറപ്പാക്കാൻ ആധുനിക ജിംനേഷ്യങ്ങൾ വിവിധ ഡിവിഷനുകളിലായി സ്ഥാപിക്കാൻ 10 ലക്ഷം

 കൗൺസിലർമാർക്ക് ഒരു ലക്ഷം

അടിയന്തിരഘട്ടങ്ങളിൽ ഡിവിഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് കൗൺസിലേഴ്‌സ് ഫണ്ടായി

ഒരു ലക്ഷം രൂപ വീതം കൗൺസിലർമാർക്ക് അനുവദിച്ചു. ഇതിനായി 55 ലക്ഷം നീക്കിവച്ചു.

.........................................................

# മറ്റു പ്രധാന നീക്കിയിരുത്തലുകൾ

 സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്: 8.4 കോടി

 അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: 40 കോടി

 ഭവന നിർമ്മാണം: 50 കോടി

 ജനറൽ വിഭാഗത്തിന് കുടിവെള്ള കണക്ഷൻ: 12.40 കോടി

 ലോറി സ്റ്റാൻഡിൽ മൊബിലിറ്റി ഹബ്ബ്: 30 കോടി

 ചെറുകിട വ്യവസായങ്ങൾ: 8.96 കോടി

 വിഷരഹിത പച്ചക്കറി കൃഷി: 5.93 കോടി

 ആരോഗ്യ പരിപാലനം: 4.51 കോടി

 അഗതിരഹിത കേരളം പദ്ധതി: 30 ലക്ഷം

 ഭിന്നശേഷിക്കാരുടെ ക്ഷേമം: 2.57 കോടി

 വിധവ പെൻഷനുകൾ: 19.82 കോടി

 ട്രാൻസ്‌ജെൻഡേഴ്‌സ് ശൗചാലയം: 10 ലക്ഷം

 മത്സ്യബന്ധനമേഖല: 2.08 കോടി

 സേവനങ്ങൾ ഓൺലൈൻ ആക്കാൻ: ഒരു കോടി

 തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കാൻ: 2 കോടി

 റോഡുകൾ വൃത്തിയാക്കുന്ന സ്വീപ്പിംഗ് മെഷീൻ വാങ്ങാൻ: 70 ലക്ഷം

 വിദ്യാഭ്യാസ മേഖലയ്ക്ക്: 2.3 കോടി

 വീടുകളിൽ ബയോഗ്യാസ് പ്ലാന്റിന് 1.02 കോടി