കൊല്ലം: കൊല്ലം കോർപ്പറേഷൻ വരുന്ന ഒരു വർഷക്കാലം സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സമത്വത്തിനും തുല്യ പ്രാധാന്യം നൽകുമെന്ന് ബഡ്ജറ്റിന് മുന്നോടിയായുള്ള പ്രസംഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

വരും വർഷം ലൈഫ് പദ്ധതിയിലൂടെ 1000 പേർക്ക് വീട് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. 3 വർഷം കൊണ്ട് പി.എം.എ.വൈ പദ്ധതി പ്രകാരം അപേക്ഷിച്ച 3325 പേർക്കും വീടുകൾ നൽകും. ഖര, ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റ്, എസ്.ടി.പി നിർമ്മാണം, എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് എന്നിവ നടപ്പാക്കി മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. ഞാങ്കടവ് കുടിവെള്ള പദ്ധതി 2023ൽ കമ്മിഷൻ ചെയ്യും.

ഗാർഹിക ആവശ്യത്തിന് സോളാർ പാനൽ സ്ഥാപിക്കാൻ കുടുംബങ്ങൾക്ക് സബ്‌സിഡി അനുവദിക്കും. സ്റ്റാർട്ട് അപ്പ്, ഐടി കമ്പനികൾ എന്നിവ ആരംഭിക്കാൻ സഹായം നൽകും. കൊല്ലം - ഇരവിപുരം - പരവൂർ, കൊല്ലം- മൺറോതുരുത്ത് ബോട്ട് സർവീസ് ആരംഭിക്കും. ആശ്രാമത്ത് നിന്നു വെങ്കേക്കരയിലേക്ക് ജങ്കാർ സർവീസ് ആരംഭിക്കും. ഡീഗോ മറഡോണയുടെ സ്മരണാർത്ഥം അന്തർദേശീയ ദേശീയ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുമെന്നും മേയർ പറഞ്ഞു.