 
ഇംഗ്ലീഷുകാർ ആറ് തവണ യുദ്ധത്തിൽ പരാജയപ്പെടുത്തിയ റോബർട്ട് ദി ബ്രൂസ് രാജാവിന് ഒരു ഗുഹയിൽ ഒളിവിൽ കഴിയേണ്ടി വന്നു. ഗുഹയിൽ ഒരു ചിലന്തി വല നിർമ്മിക്കാൻ ശ്രമിക്കുന്നത് നോക്കിക്കിടന്നു. ഗുഹാഭിത്തിയുടെ ഒരു വശത്തുനിന്ന് എതിർവശത്തേയ്ക്ക് നൂൽ വലിച്ചുകെട്ടാൻ ചിലന്തി ശ്രമിക്കുന്നതും അത് ആറുതവണ പരാജയപ്പെടുന്നതും രാജാവ് കണ്ടു. ഒടുവിൽ, ഏഴാമത്തെ തവണ ചിലന്തി വല പൂർണ്ണായിട്ടും ഗുഹയിൽ കെട്ടി. ഇത് രാജാവിന് പ്രചോദനമാകുകയും തന്റെ സൈനികരേയും കൂട്ടി ഏഴാം തവണ ഇംഗ്ലണ്ടുകാർക്കെതിരെ പൊരുതി 1318 ൽ സ്കോട്ട്ലൻഡിന് സ്വാതന്ത്ര്യം നേടിയെടുത്തു.
2022 കഴിയുമ്പോൾ ചിലന്തിവല സിൽക്ക് അഥവാ സ്‌പൈഡർ സിൽക്ക് ലോകം വാഴുന്ന മഹാരാജാവായി മാറും. സ്വർണ്ണനിറമുള്ള ചിലന്തി സിൽക്ക് നിർമ്മിക്കുന്നവരാണ് ജോറോ ചിലന്തികൾ. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ഫലപ്രദമായ ഒരു പ്രോട്ടീൻ ചിലന്തി സിൽക്ക് സ്വീഡനിലെ കരോലിന സ്ഥാപനത്തിലെ ഒരു സംഘം ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു. സ്‌പൈഡർ സിൽക്ക് പ്രോട്ടീൻ മനുഷ്യശരീരത്തിലെ ഹ്യൂമൻ പി 53 പ്രോട്ടീനിലേക്ക് ചേർത്താണ് ഇത് നിർമ്മിച്ചത്. കേടായ കോശങ്ങളെ കാൻസറായി മാറാതെ സൂക്ഷിക്കുന്നത് പി 53 പ്രോട്ടീനാണ്. നിലവിലെ ചികിത്സാരീതികൾ ചെലവേറിയതാണ്. ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സകൾ സാദ്ധ്യമാക്കുന്നതാണ് ഈ പുതിയ കണ്ടുപിടുത്തം. ശരീരത്തിലെ കോശങ്ങൾക്ക് ഗുരുതരമായ ഡി.എൻ.എ കേടുപാടുകൾ സംഭവിക്കുമ്പോൾ തകരാറായ കോശങ്ങളെ തിരിച്ചറിയാനും അവ പരിഹരിക്കാനും കഴിവുള്ളവരാണ് കാൻസറിനെ കൊല്ലുന്ന പ്രോട്ടീൻ പി53. ഇവയെ കൂടുതൽ ശക്ത മാക്കാനും സ്ഥിരതയുള്ളതാക്കാനും സ്‌പൈഡർ സിൽക്കിന് കഴിയും. ഇത് ഒരു പ്രോട്ടീൻ സമ്പുഷ്ടമായ ദ്രാവകം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഉണങ്ങുമ്പോൾ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപപ്പെടുത്താൻ കഴിയുന്ന ഒരു ഖരഫിലമെന്റായി രൂപാന്തരപ്പെടും. സ്റ്റീലിനെ മറികടക്കുന്ന ശക്തിയുണ്ട് അതിന്. സൈനികർക്ക് ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, മോട്ടോർ വാഹനങ്ങളിലെ തുരുമ്പില്ലാത്ത പാനലുകൾ, സർജിക്കൽ ത്രെഡ്, പാരിസ്ഥിതിക ആഘാതമില്ലാത്ത രീതിയിൽ കാൻസർ ചികിത്സയ്ക്കുള്ള നാനോവയറുകൾ, ബയോ ഡീഗ്രേഡബിൾ ബോട്ടിലുകൾ തുടങ്ങിയവ നിർമ്മിക്കാൻ സാധിക്കും. സ്‌പൈഡർ സിൽക്കിന് ആന്റിസെപ്റ്റിക്ക് ഗുണങ്ങളുണ്ട്. ഇതിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുള്ളതുകൊണ്ട് രക്തം കട്ടപിടിക്കുന്നതിന് ഫലപ്രദമാണ്. എൻജിനീയറിംഗ്, ഫിസിക്സ്, സ്ട്രക്ചറൽ ബയോളജി എന്നീ ശാസ്ത്ര മേഖലകളിലെ സാങ്കേതിക പുരോഗതിയാണ് സ്‌പൈഡർ സിൽക്ക് തന്മാത്ര ഘടനയെക്കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചയ്ക്ക് കാരണമായത്. പക്ഷേ, പുരാതന ഗ്രീക്കുകാരും റോമക്കാരും തേനും വിനാഗിരിയും ഉപയോഗിച്ച് ശരീരത്തിലെ മുറിവുകൾ വൃത്തിയാക്കിയ ശേഷം, രക്തസ്രാവം തടയാൻ ചിലന്തിവലകൾ ഉപയോഗിച്ചിരുന്നു. പാരീസിൽ ചിലന്തിവലകൾ ഉപയോഗിച്ചുള്ള 'സ്‌പൈഡേഴ്സ് കാൻവാസി'ലൂടെ വ്യത്യസ്തമായ സംഗീതം സൃഷ്ടിച്ചിട്ടുണ്ട്.