
കൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി.
പ്ലാറ്റ്ഫോം നിർമ്മാണ പ്രവർത്തനങ്ങൾക്കായി സിമന്റ് സ്ലാബുകൾ മിക്കതും ഇളക്കിയിട്ടിരിക്കുകയാണ്. പ്ലാറ്റ്ഫോമിലെ സ്ലാബുകൾക്കും മൺകൂനകൾക്കുമിടയിലൂടെ വേണം സ്ത്രീകളും വിദ്യാർത്ഥികളും വൃദ്ധരുമുൾപ്പെടെയുള്ളവർക്ക് ട്രെയിനിൽ കയറിപ്പറ്റാൻ. പ്ലാറ്റ്ഫോമിൽ ഉയർന്ന് നിൽക്കുന്ന ഇരുമ്പ് പ്ലേറ്റുകളിൽ തട്ടി വീണ് പരിക്കേറ്റവരുമുണ്ട്. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യാത്രക്കാരുടെ സംഘടനകൾ വൈദ്യുതി കണക്ഷൻ, നിർമ്മാണ സാമഗ്രികൾ എത്തിക്കാനുള്ള പാതയൊരുക്കൽ എന്നിവയ്ക്ക് സഹായിക്കുകയും ചെയ്തിരുന്നു. പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും പ്ലാറ്റ്ഫോമിലെ മാർഗതടസങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ.നജിമുദീൻ, സെക്രട്ടറി റോജി രവീന്ദ്രൻ, ഡി.അപ്പുകുമാർ, വി. സന്തോഷ് എന്നിവർ ഡിവിഷണൽ റെയിൽവേ മാനേജർ, സേഫ്ടി കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകി.