1-
ബെന്നി

കൊല്ലം: പിണങ്ങിക്കഴിയുന്ന ഭാര്യയുടെ വീട്ടി​ലെത്തി​ ബഹളമുണ്ടാക്കുന്നത് വിലക്കിയ ഭാര്യാബന്ധുവിനെ കുത്തിപ്പരിക്കേൽപ്പിച്ചയാളും സഹോദരനും പിതാവും പി​ടി​യി​ൽ. തൃക്കടവൂർ കുരീപ്പുഴ കൊച്ചാലുംമൂട് സ്‌കൂളിന് സമീപം അലോണ ഭവനിൽ ബെന്നി (44), സഹോദരൻ ശക്തികുളങ്ങര പുത്തൻതുരുത്ത് ആന്റണി ഭവനം വീട്ടിൽ നിന്നും കുരീപ്പുഴ കാട്ടുവിള പടിഞ്ഞാ​റ്റതിൽ വാടകയ്ക്ക് താമസിക്കുന്ന ജിജോ (അനിൽ-39), പിതാവ് ജോസഫ് (ഔസേഫ്-70) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയുടെ വീട്ടിലെത്തി ബെന്നി വഴക്കുണ്ടാക്കുന്നത് പതിവായതോടെ, വീട്ടി​ൽ വരുന്നത് ഭാര്യയുടെ ബന്ധുവായ കുരീപ്പുഴ സ്വദേശി സെബിൻ സെറാഫ് വിലക്കിയിരുന്നു. ഇതിന്റെ വിരോധത്തിൽ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ആയിരവില്ലൻ ക്ഷേത്രത്തിന് സമീപം റോഡിലൂടെ സെറാഫ് സ്‌കൂട്ടറിൽ പോയപ്പോൾ മൂവരും തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടതു നെഞ്ചിൽ കത്തികൊണ്ട് ആഴത്തിൽ കുത്തേറ്റ സെറാഫ് പാലത്തറയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ വി. അനീഷ്, പ്രദീപ്കുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒ മണികണ്ഠൻ എന്നിവരടങ്ങിയ സംഘം മൂവരെയും കുരീപ്പുഴയിൽ നിന്ന് പിടികൂടുകയായിരുന്നു.