കൊല്ലം: പണിമുടക്കിനെതിരെ രംഗത്ത് വന്നിരിക്കുന്ന റേഷൻ വ്യാപാരി സംഘടനകളായ എ.കെ.ആർ.ആർ.ഡി.എ, കെ.എസ്.ആർ.ആർ.ഡി.എ എന്നീ സ.ഘടനകളുടെ നിലപാട് തൊഴിലാളി വിരുദ്ധവും അപഹാസൃവുമാണെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദേശീയ പണിമുടക്ക് വിജയിക്കേണ്ടത് റേഷൻ ജീവനക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും രാജ്യത്തിന്റെയും ആവശ്യമാണ്. ഇന്ധന വില അടിക്കടി വർദ്ധിപ്പിക്കുകയും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയും ചെയ്യുന്ന കാലത്ത് തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ പണിമുടക്കിനെതിരെ രംഗത്ത് വരുന്നവർ തൊഴിലാളി വഞ്ചകരും ഒറ്റുകാരുമാണ്. ജനങ്ങളുടെ സൗകര്യാർഥം ഇന്ന് റേഷൻ കടകൾ തുറക്കണമെന്ന സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ ഉത്തരവ് ലംഘിക്കുന്ന കടയുടമ കൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. പണിമുടക്ക് വിജയിപ്പിക്കാൻ ജില്ലയിലെ മുഴുവൻ റേഷൻ ജീവനക്കാരും 28,29 തീയതികളിൽ കടകളടയ്ക്കണമെന്നും ഇന്ന് റേഷൻ കടകൾ തുറക്കണമെന്നും ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ, സെക്രട്ടറി ടി.സജീവ് എന്നിവർ അഭ്യർത്ഥിച്ചു.