കുന്നത്തൂർ : മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ 2022 - 23 വർഷത്തെ ബഡ്ജറ്റിൽ കൃഷിക്കും ഭവനപദ്ധതിക്കും മുൻതൂക്കം. 40.50 കോടി രൂപ വരവും 39.88കോടി രൂപ ചെലവും 62.79ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു ബഡ്ജറ്റ് അവതരിപ്പിച്ചു.പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷനായി. അംഗങ്ങളായ സേതുലക്ഷ്മി,വർഗീസ് തരകൻ,സജിമോൻ,ബിജുകുമാർ, ജലജ രാജേന്ദ്രൻ,ബിന്ദു മോഹൻ, രജനി സുനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഡെമസ്റ്റൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ,വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബഡ്ജറ്റിൽ ഭവന പദ്ധതിക്ക് 7.5 കോടി രൂപയും കാർഷിക മേഖലക്ക് 50 ലക്ഷവും ആരോഗ്യമേഖലക്ക് 10 ലക്ഷം രൂപയും വിദ്യാഭ്യാസമേഖലക്ക് 10ലക്ഷം രൂപയും പട്ടികജാതി വികസനത്തിന് ഒരു കോടി രൂപയും അങ്കണവാടികൾക്ക് 25 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട് .സമഗ്ര നെൽകൃഷി വികസനത്തിന് ബഡ്ജറ്റ് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. തരിശു നിലങ്ങളിൽ നെൽക്കൃഷി നടത്തി മൈനാഗപ്പള്ളിയുടെ സ്വന്തം ബ്രാൻഡായി അരി വിപണനം ചെയ്യുന്നതിന് 30 ലക്ഷം രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി.സമഗ്ര കേരകൃഷിക്ക് 10 ലക്ഷം രൂപയും ജൈവഗ്രാമം പദ്ധതിയ്ക്കായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.പഞ്ചായത്തിൽ പുതുതായി ബഡ്‌സ് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി 20 ലക്ഷം രൂപയും യാത്രാക്ലേശം അനുഭവപ്പെടുന്ന പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സി യുമായി ചേർന്ന് ഗ്രാമ വണ്ടി പദ്ധതി നടപ്പാക്കും.ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി.ഇ-ഹെൽത്ത് പദ്ധതിയ്ക്ക് 10 ലക്ഷം രൂപ,ഇക്കോ ഷോപ്പ് 2 ലക്ഷം രൂപ,ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ, വൃദ്ധജന ക്ഷേമ പരിപാടികൾക്കായി 25 ലക്ഷം രൂപ തുടങ്ങി നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുന്നു. മാലിന്യ സംസ്കരണത്തിന് ഹരിത കർമ്മസേനയെ ശക്തമാക്കുന്നതിനു വാങ്ങിയ വാഹനത്തിന്റെ അനുബന്ധ ചെലവുകൾക്കും പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനും 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.