t
കെ.ഐ.പി​ കനാൽ

കൊല്ലം: കടുത്ത വേനലിൽ മൂന്നു ജില്ലകളിലെ കൃഷിയിടങ്ങളെയും ജലാശയങ്ങളെയും നീരണിയിക്കേണ്ട, കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാലുകൾ നവീകരണമില്ലാതെ നശിക്കുന്നു. കാടുകയറിയ കനാലുകൾ പലേടത്തും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി​.

ഫണ്ടിന്റെ അപര്യാപ്തതയാണ് കനാലുകളുടെ നവീകരണത്തിന് തടസം. ആയിരം കിലോമീറ്ററോളം കനാൽ ശൃംഖലയുള്ള പദ്ധതിക്കുവേണ്ടി​ പ്രതിവർഷം നോൺ പ്ളാൻ ഫണ്ടായി ബഡ്‌ജറ്റിൽ വകയിരുത്തുന്നത് വളരെ ചെറിയ തുകയാണ്. ഫണ്ട് കുറവായതിനാൽ നാമമാത്രമായ നവീകരണ ജോലികൾ മാത്രമാണ് നടക്കുന്നത്. ചില ഗ്രാപഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ ശുചീകരിച്ചെങ്കിലും ആവർത്തന സ്വഭാവമുള്ള ജോലികൾ പദ്ധതിയിൽ ഉൾപ്പെടുത്താനാവില്ലെന്ന നിർദ്ദേശം വന്നതോടെ അതിനും വിലക്കു വീണു. നാലര പതിറ്റാണ്ട് പഴക്കമുള്ളതാണ് പദ്ധതിയുടെ അക്വഡേറ്റുകളും പാലങ്ങളും തുരങ്കങ്ങളും. കാലപ്പഴക്കത്താൽ ഇവയൊക്കെ ബലക്ഷയം നേരിടുന്നു. കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്ന സബ് കനാലുകൾ ഭൂരിഭാഗവും തകർന്നും മണ്ണിടിഞ്ഞ് നികന്നും മാലിന്യം മൂടിയും ജലമൊഴുക്കിന് തടസമായിരി​ക്കുകയാണ്.

# ആശ്വാസമായിരുന്നു, നാടിന്

വേനൽ രൂക്ഷമാകുന്ന ആറുമാസം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 92 വില്ലേജുകൾക്ക് ആശ്വാസമാണ് പദ്ധതി. കൃഷിയിടങ്ങളിൽ ജലം ലഭ്യമാക്കുക മാത്രമല്ല, പതിനായിരക്കണക്കിന് കിണറുകളിലും നിരവധി ജലാശയങ്ങളിലും തോടുകളിലും വാട്ടർ അതോറിട്ടിയുടെ അൻപതോളം ജലസേചന പദ്ധതികളിലും നീരൊഴുക്കുണ്ടാക്കുന്നത് ഈ കനാൽ ശൃംഖലയാണ്. മെയിൻ കനാലിൽ നിന്ന് സബ് കനാലുകൾ വഴിയും ചാലുകൾ കീറിയുമാണ് കൃഷിയിടങ്ങളിൽ ജലമെത്തിക്കുന്നത്.


# പദ്ധതി ഇങ്ങനെ

 53,​514 ഹെക്ടറിൽ ജല ലഭ്യത

 കനാലുകളുടെ ദൈർഘ്യം: 984.157 കി.മീറ്റർ

 ഒറ്റക്കലിൽ കനാൽ ഇടതു, വലതു കരകളായി തിരിയുന്നു

 ഇടതുകര ജില്ലയിലെ 56.01 കി. മീറ്റർ കടന്ന് ഇളമ്പള്ളൂരിൽ അവസാനിക്കും

 വലതുകര പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ 69.752 കിലോമീറ്റർ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെത്തും

# ബഡ്ജറ്റ് വകയിരുത്തലുകൾ

2017-18: ​₹ 7 കോടി

2018-19: ₹ 7 കോടി

2019-20: ₹ 1 കോടി

2020- 21: ₹ 3.60 കോടി

2021- 22: ₹ 4.19 കോടി

2022-2023: ₹ 4.25 കോടി